നിയമലംഘനം: ആറു മാസത്തിനിടെ പിഴയിട്ടത് 256 പ്രോപ്പർട്ടി ബ്രോക്കേഴ്സിന്
text_fieldsദുബൈ: പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ച 256 പ്രോപ്പർട്ടി ബ്രോക്കേഴ്സിന് ദുബൈയിൽ അധികൃതർ പിഴ ചുമത്തി. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകളാണ് ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് ബുധനാഴ്ച പുറത്തുവിട്ടത്. ആദ്യ പകുതിയിൽ നിയമലംഘനത്തിനെതിരെ 1200ലധികം മുന്നറിയിപ്പുകളും അധികൃതർ പുറപ്പെടുവിച്ചിരുന്നു. പരസ്യവുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ആറു മാസത്തിനിടെ 450 ഫീൽഡ് പരിശോധനകളും 1530 ഓഫിസ് പരിശോധനകളുമാണ് നടത്തിയത്. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയുടെ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുന്നതിനുമായി റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയിലെ റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അബ്ദുല്ല അൽ അലി പറഞ്ഞു.
പരസ്യവുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അറിയുന്നതിന് പ്രത്യേക ക്യു.ആർ കോഡ് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഇത് സ്കാൻ ചെയ്താൽ അംഗീകാരമുള്ള പരസ്യങ്ങളുടെ വിവരങ്ങൾ ബ്രോക്കേഴ്സിന് അറിയാനാകും. മേഖലയിൽ നിരീക്ഷണവും പരിശോധന സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി പ്രവർത്തനം തുടരുമെന്നും വിപണിയുടെ സുസ്ഥിരതയും വികസനവും നിലനിർത്തുന്നതിന് എല്ലാ സ്ഥാപനങ്ങളും ദുബൈ റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് പുറപ്പെടുവിക്കുന്ന നിയമങ്ങൾ പാലിച്ച് മുന്നോട്ടുപോകണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.