നിയമലംഘനം: 24 മണിക്കൂറിനിടെ 26 വാഹനങ്ങൾ പിടിയിൽ
text_fieldsദുബൈ: വിവിധ രീതിയിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ട 26 വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. അൽ ഖവാനീജ് ഏരിയയിൽനിന്നാണ് 23 കാറുകൾ, മൂന്ന് മോട്ടോർ ബൈക്കുകൾ എന്നിവ പിടികൂടിയത്. നിയമലംഘനം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു.
പ്രദേശവാസികൾക്ക് ശല്യമാകുന്ന രീതിയിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുക, അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
പ്രതികൾക്കെതിരെ 26 പിഴകളാണ് ചുമത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ ഓരോരുത്തരും 10,000 ദിർഹം വീതം പിഴ നൽകേണ്ടി വരും. എൻജിന്റെ വേഗത വർധിപ്പിക്കാനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, അമിത ശബ്ദമുണ്ടാക്കുക, പ്രദേശവാസികൾക്ക് ശല്യമാകുക, താമസ മേഖലയിലെ നിവാസികൾക്ക് ഭീഷണിയാവുന്ന രീതിയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാവുന്ന രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും കുറ്റകരമാണ്. ഡ്രൈവർമാരുടെ ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ആപ്പിലുള്ള ‘പൊലീസ് ഐ’, ‘വി ആർ ആൾ പൊലീസ്’ എന്നീ സേവനങ്ങളിലൂടെയോ 901 എന്ന നമ്പറിലൂടെയോ അറിയിക്കണം.
ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും വാഹനമോടിക്കുന്നതിലൂടെ എല്ലാവർക്കും സുരക്ഷിതമായ റോഡ് എന്ന കാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.