നിയമലംഘനം: അജ്മാനിൽ നിരവധി വാഹനങ്ങള്‍ പിടിയിൽ
text_fieldsഅജ്മാൻ: എമിറേറ്റിൽ ഈദുൽ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്ത നിരവധി വാഹനങ്ങൾ പിടികൂടി അജ്മാൻ പൊലീസ്. അജ്മാൻ ബീച്ച് റോഡിൽ കഴിഞ്ഞ ദിവസം നടന്ന ഈദുൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നേരത്തേ ഈദുൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് പൊലീസ് മാർഗ നിർദേശങ്ങളും നിയമങ്ങളും പുറപ്പെടുവിച്ചിരുന്നു.
ഇത് ലംഘിക്കുന്ന രീതിയിൽ വാഹനമോടിച്ചവർക്കെതിരെയാണ് നടപടി. കുറ്റകൃത്യത്തിൽ ഉൾപ്പെടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ആഘോഷ വേളയിൽ നിയമം ലംഘിച്ചുള്ള സ്പ്രേ ഉപയോഗം, വാഹനത്തിന്റെ മുകളിലും ഡോറുകളിലും അപകടകരമായ രീതിയില്‍ തൂങ്ങിക്കിടന്നുള്ള അഭ്യാസ പ്രകടനം തുടങ്ങിയ നിയമ ലംഘനങ്ങളാണ് നടന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
വാഹനങ്ങൾ ചട്ടങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുകയും എൻജിനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തത് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ആവശ്യകതകളും സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വിപുലമായ ബോധവത്കരണം പൊലീസ് നടത്തിയിരുന്നു. ഇത് വകവെക്കാതെ വാഹനമോടിച്ചവർക്കെതിരെയാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് ലഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്യുന്നവർ അജ്മാൻ പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.