ഭക്ഷ്യസുരക്ഷ നിയമ ലംഘനം; 703 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
text_fieldsഅബൂദബി: ഈ വര്‍ഷം ആദ്യ പാദത്തിൽ അബൂദബി ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 703 ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. നിയമം പാലിക്കാത്ത ആറ് ഷിപ്പ്മെന്റുകള്‍ തിരിച്ചയക്കുകയും ചെയ്തു. ആദ്യ പാദത്തിൽ എമിറേറ്റിലെ 10987 ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകഭക്ഷ്യ സുരക്ഷാ ദിനത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 33643 തവണ പരിശോധനകളാണ് നടത്തിയത്. ഇതിൽ ചെറിയ നിയമലംഘനം കണ്ടെത്തിയവർക്ക് മുന്നറിയിപ്പ് നല്കി. അബൂദബിയില്‍ 20001 തവണയും അല്‍ഐനില്‍ 9378 തവണയും അല്‍ ധഫ്രയില്‍ 4269 തവണയും പരിശോധ നടത്തി.
ഇവയിൽ 46 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. 33 ശതമാനം സ്ഥാപനങ്ങളിലാണ് ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 703 സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിച്ചത്. ഇൌ വർഷം ആദ്യ നാലുമാസത്തിനുള്ളില്‍ തുറമുഖങ്ങളിലെത്തിയ 23,866 ഷിപ്മെന്റുകളും പരിശോധിച്ചു. ഇവയില്‍ ആറെണ്ണം തിരിച്ചയച്ചു. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന നമ്പറിൽ പരാതിപ്പെടാം. വിപണികളിലെ ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനായി അബൂദബി സര്‍ക്കാറിന്റെ കീഴിലുള്ള ലബോറട്ടറിയില്‍ ആദ്യ പാദവർഷത്തിൽ 91,000 പരിശോധനകളാണ് നടത്തിയത്. ഭക്ഷണം, പാനീയം, വെള്ളം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍, പരിസ്ഥിതി, കാര്‍ഷിക ഉല്പന്നങ്ങള് മുതലായവയാണ് പരിശോധിച്ചത്.
വെള്ളമാണ് ഏറ്റവും കൂടുതല്‍ പരിശോധിച്ചത്- 55544 തവണ. ഭക്ഷണ, പാനീയങ്ങള്‍ക്കായി 19917ഉം പരിസ്ഥിതിക്കായി 10286 ഉം കെട്ടിട, നിര്‍മാണ വസ്തുക്കള്‍ക്കായി 10286 ഉം മോട്ടോര്‍ ഓയിലിനായി 1910 ഉം ഭക്ഷ്യ വിളകള്‍ക്കായി 720 ഉം മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി 720ഉം പരിശോധനകൾ നടത്തി. 1981 മുതലാണ് സെന്‍ട്രല്‍ ടെസ്റ്റിങ് ലബോറട്ടറി ഉല്പന്ന പരിശോധന ആരംഭിച്ചത്.
സംയോജിത ഭക്ഷ്യ സുരക്ഷ, കാര്‍ഷിക ഡേറ്റാ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) തുടക്കം കുറിച്ചിരുന്നു. പ്രാദേശികവും മേഖലാപരവും ആഗോളതലത്തിലുള്ളതുമായ ഭക്ഷ്യ സുരക്ഷ സാഹചര്യങ്ങളെ നിരീക്ഷിക്കാന്‍ സംയോജിത ഡാഷ് ബോര്‍ഡ് സൗകര്യമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. പ്രാദേശിക കാര്‍ഷിക ഉൽപാദനം, വ്യാപാരം, നിക്ഷേപം, ഭാവി ഉൽപാദനം, ഭക്ഷ്യശേഖരത്തിന്റെ അളവ്, ഭക്ഷ്യ നഷ്ടം-മാലിന്യ നിരക്ക് തുടങ്ങിയവ ഈ പ്ലാറ്റ്ഫോമില്‍ കാണിക്കും.
കൂടാതെ കന്നുകാലികള്‍, സസ്യങ്ങളുടെ ആരോഗ്യം , കീട നിയന്ത്രണ പദ്ധതികള്‍, മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങള്‍ക്കെതിരായ വാക്സിനേഷന് പദ്ധതികള്‍ തുടങ്ങിയവയുടെ ഡേറ്റകളും പ്ലാറ്റ്ഫോം നിരീക്ഷിക്കും.
കൃത്യമായ വിവര അവലോകനത്തിലൂടെ ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ശാസ്ത്രീയമായ പ്രവചനങ്ങള്‍ നടത്താന്‍ പ്ലാറ്റ്ഫോമിനാവും. ഉൽപാദനവും ഉപയോഗവും വിശകലനം ചെയ്യുകയും നിലവിലെ ഭക്ഷ്യശേഖരം പരിശോധിക്കുകയും ചെയ്യും. ആഭ്യന്തരവും പ്രാദേശികവുമായ വിലനിലവാരം വിശകലനം ചെയ്യുന്ന പ്ലാറ്റ്ഫോം ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഭക്ഷ്യവസ്തുക്കളെ എത്രമാത്രം ആശ്രയിക്കേണ്ടിവരുമെന്നും കാണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.