നിയമലംഘനം: ഭക്ഷ്യസ്ഥാപനങ്ങളിൽ നടപടി ശക്തം
text_fieldsഅബൂദബി: കഴിഞ്ഞ വർഷം അബൂദബിയിലെ 3391 ഭക്ഷണ സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്സ). സ്ഥാപനങ്ങളിലും ഭക്ഷ്യവിപണികളിലുമായി 1,03,895 പരിശോധനകള്‍ നടത്തിയെന്നും ഇതില്‍ 27800ഓളം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയതായും അഡാഫ്സ അറിയിച്ചു.
ആകെ പരിശോധനയില്‍ പകുതിയിലധികവും (63,690) അബൂദബി നഗരത്തിലാണ് നടത്തിയത്. അല്‍ ഐന്‍ നഗരത്തില്‍ 29583ഉം അല്‍ ധഫ്ര മേഖലയിൽ 9,998 പരിശോധനകളുമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. നിര്‍മിത ബുദ്ധിയും ഭക്ഷണ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി ജി.പി.എസ് സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന സ്മാര്‍ട്ട് പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ 4,90,000ത്തിലേറെ പരിശോധനകള്‍ നടത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അതോറിറ്റി വ്യക്തമാക്കി. ഓട്ടോമാറ്റിക് ആയി പരിശോധനകള്‍ നിശ്ചയിക്കാനും സ്ഥാപന അധികൃതരെ ബന്ധപ്പെടേണ്ട വിവരങ്ങള്‍ നല്‍കാനും സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാനും അവസാന പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാനുമൊക്കെ ഈ സംവിധാനം ഉദ്യോഗസ്ഥരെ സഹായിക്കുന്നു.
ഭക്ഷ്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിന് അഡാഫ്സ ആരംഭിച്ച സാദ്ന റേറ്റിങ് ആപ്പും അതോറിറ്റിയെ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. ഇതുമൂലം സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.