താമസസ്ഥലങ്ങളിലെ നിയമലംഘനം: ദുബൈയിൽ പരിശോധന ശക്തം
text_fieldsദുബൈ: താമസസ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ അധികൃതർ പരിശോധന ശക്തമാക്കി. താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് നടപടികൾ കർശനമാക്കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഈ വർഷം തുടക്കം മുതൽ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീൽഡ് വിസിറ്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമാണ് മറ്റു വകുപ്പുകളെക്കൂടി ഏകോപിപ്പിച്ച് പരിശോധനകൾ നടക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി താമസക്കാരിൽ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിൽ വില്ലകളിലും അപ്പാർട്മെന്റുകളിലും താമസിപ്പിക്കാവുന്ന ആളുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.
പരിശോധനകളിൽ ഈ എണ്ണം പാലിക്കുന്നുണ്ടോയെന്നാണ് അധികൃതർ അന്വേഷിക്കുന്നത്. ഉടമയുടെ അനുമതിയില്ലാതെ വാടകക്ക് എടുത്ത അപ്പാർട്മെന്റ് മറ്റുള്ളവരുമായി പങ്കിടുന്നതും ദുബൈയിൽ നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിച്ചത് പിടിക്കപ്പെട്ടാൽ വാടകക്കാരനും ഇയാൾ താമസിപ്പിച്ചവരും ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ഇക്കഴിഞ്ഞ ജൂലൈയിൽ അബൂദബിയിൽ വില്ല വാടകക്കെടുത്ത് നാലു കുടുംബങ്ങൾക്കായി വീതിച്ച് നൽകിയ വാടകക്കാരന് മൂന്നു ലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. ഇതുപോലെ പല എമിറേറ്റുകളിലും നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കുടുംബങ്ങളെ മാത്രം താമസിപ്പിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ ബാച്ചിലേഴ്സിനെ താമസിപ്പിക്കുന്നതും നിയമം വിലക്കുന്നുണ്ട്.
ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന് വെള്ളിയാഴ്ച ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ദുബൈ റെസ്റ്റ് (Dubai REST) ആപ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ രണ്ടാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. താമസസ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടകക്കരാർ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
നിയമലംഘനങ്ങൾ അറിയിക്കാം
ദുബൈ: താമസ സൗകര്യങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ദുബൈ മുനിസിപ്പാലിറ്റി എല്ലാവരോടും അഭ്യർഥിച്ചു. 800900 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുമുണ്ട്. സമൂഹത്തിന്റെകൂടി പങ്കാളിത്തത്തോടെ നിയമലംഘനങ്ങൾ കുറക്കുന്ന നടപടികളുടെ ഭാഗമായാണ് സൗകര്യമൊരുക്കിയത്. പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ നിയമലംഘകർക്ക് കനത്ത പിഴ ഉൾപ്പെടെ ചുമത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.