നിയമലംഘനം; 29 കമ്പനികൾക്കെതിരെ നടപടി
text_fieldsദുബൈ: സാമ്പത്തിക നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 29 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് സാമ്പത്തികകാര്യ മന്ത്രാലയം. കള്ളപ്പണ വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് തടയൽ നിയമത്തിലെ നിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെടുത്തിരിക്കുന്നത്. 2.2 കോടി ദിർഹം പിഴയാണ് മന്ത്രാലയം കമ്പനികൾക്ക് ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെയും യു.എ.ഇ സെൻട്രൽ ബാങ്ക് ആഴ്ചകൾക്ക് മുമ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
ബാങ്കുകൾ, ബ്രോക്കർമാർ, ഫിനാൻസ് കമ്പനികൾ, എക്സ്ചേഞ്ച് ഹൗസുകൾ, ഇൻഷുറൻസ് കമ്പനികൾ, ഏജന്റുമാർ എന്നിവയുൾപ്പെടെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ നിർദേശം പുറപ്പെടുവിച്ച ശേഷം കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാദ ഇടപാടുകള്‍ കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടി ഉറപ്പാക്കണം. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്കു സഹായം നല്കല് എന്നിവ തടയാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ യു.എ.ഇ കടുത്ത നടപടി സ്വീകരിച്ചിരുന്നു. കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന സാമ്പത്തികേതര സ്ഥാപനങ്ങള്‍, പ്രഫഷനലുകള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കും. സാമ്പത്തിക ഇടപാടുകള്‍ നടക്കുമ്പോള്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ധനകാര്യ സ്ഥാപനങ്ങളെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഓര്‍മിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.