നിയമലംഘനം; എട്ടുമാസത്തിനിടെ 3779 ഇരുചക്രവാഹനങ്ങൾ പിടിയിൽ
text_fieldsദുബൈ: ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്ര വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. എട്ടു മാസത്തിനിടെ നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇത്രയധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. 2286 സൈക്കിളുകൾ, 771 ഇലക്ട്രിക് ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇരുചക്ര വാഹന ഉപയോക്താക്കൾക്കായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കുമായി കൈകോർത്ത് നായിഫ് പൊലീസ് സ്റ്റേഷൻ ജനുവരി മുതൽ ആഗസ്റ്റ് വരെ ട്രാഫിക് ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു.
ഈ കാമ്പയിനിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടത്തിയ ട്രാഫിക് പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾ നടത്തിയ ഇരുചക്ര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കിടയിലും ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തുന്നതിൽ ദുബൈ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഉമർ മൂസ അഷോർ പറഞ്ഞു.
എമിറേറ്റിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിക്കാനും പരമാവധി സുരക്ഷ ഉറപ്പുവരുത്താനും പാലിക്കേണ്ട ഉത്തരവാദിത്തങ്ങളേയും അവകാശങ്ങളേയും കുറിച്ച് റോഡ് ഉപഭോക്താക്കളെ ബോധവത്കരിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
അനുവദനീയമല്ലാത്ത സ്ഥലങ്ങളും പൊതു റോഡുകളും ഉപയോഗിക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ റൈഡർമാർക്കും മറ്റു യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് മറ്റു ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
സ്ഥിരമായ ട്രാഫിക് ബോധവത്കരണ കാമ്പയിനുകളിലൂടെ റൈഡർമാരുടെയും റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷക്കാണ് പൊലീസ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.