ട്രാഫിക് നിയമലംഘനം; കുതിരപ്പട പിഴയിട്ടത് 107 പേർക്ക്
text_fieldsദുബൈ: ആറുമാസത്തിനിടെ ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ പിഴ വിധിച്ചത് 107 ട്രാഫിക് നിയമലംഘനങ്ങൾക്ക്. ജനുവരി മുതൽ ജൂൺവരെ വിവിധയിടങ്ങളിലായി 732 പട്രോളിങ്ങുകൾ കുതിരപ്പട പൂർത്തീകരിച്ചതായും മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ ആദിബ് വെളിപ്പെടുത്തി.
ദുബൈ നഗരത്തിലെ ജനങ്ങളുടെ സമാധാനം കാക്കുന്നതിൽ മൗണ്ടഡ് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം നിർണായകമാണ്. കുതിരപ്പുറത്ത് റോന്ത് ചുറ്റുന്ന പൊലീസ് ഉദ്യോഗസ്ഥർ ജനസമൂഹങ്ങൾക്കിടയിൽ സുരക്ഷിത ബോധം വളർത്താൻ സഹായകമാണ്.
കുറ്റകൃത്യങ്ങൾ തടയുന്നത് കൂടാതെ ‘സുരക്ഷിത നഗരം’, ‘സാമൂഹ്യക്ഷേമം’ എന്നീ സുസ്ഥിര ലക്ഷ്യങ്ങളെ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ പിന്തുണക്കുകയും ചെയ്യുന്നു. വാഹനങ്ങൾക്ക് പ്രവേശിക്കാൻ പ്രയാസമുള്ള ഏരിയകളിൽനിന്ന് പ്രതികളെ പിടികൂടാൻ മൗണ്ടഡ് പൊലീസിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവും.
വ്യവസായ, വാണിജ്യ മേഖലകൾ, വിനോദ സഞ്ചാര മേഖലകൾ എന്നിവിടങ്ങളിൽ പൊതുജന സുരക്ഷ ശക്തിപ്പെടുത്താനും മൗണ്ടഡ് പൊലീസ് സഹായിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംശയാസ്പദമായി കാണുന്ന വാഹനങ്ങളെയും വ്യക്തികളെയും പരിശോധിക്കുന്നതിനൊപ്പം കായിക വിനോദയിടങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.
അതോടൊപ്പം നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ആറുമാസത്തിനിടെ 1114 വ്യക്തികൾ ഉൾപ്പെടെ 1,245 ഗുണഭോക്താക്കൾക്കാണ് കുതിര സവാരിയിൽ മൗണ്ടഡ് പൊലീസ് പരിശീലനം നൽകിയത്.
കുതിര സംരക്ഷണത്തെക്കുറിച്ച് എട്ട് പേർക്കും മരുഭൂമിയിൽ കുതിരയെ റെഡ് ചെയ്യുന്നത് സംബന്ധിച്ച് 69 പേർക്കും പരിശീലനം നൽകി. പൊതുജനങ്ങൾക്ക് 18 കുതിരകളെ സമ്മാനിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉയർന്ന പരിശീലനവും യോഗ്യതയും നേടിയ 122 കുതിരകളാണ് മൗണ്ടഡ് പൊലീസ് സ്റ്റേഷനിൽ സേവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.