നിയമലംഘനം: ജെറ്റ് സ്കീകൾക്കെതിരെ നടപടിയെടുത്ത് പൊലീസ്
text_fieldsദുബൈ: നിയമം ലംഘിച്ച ജെറ്റ് സ്കീ നടത്തിപ്പുകാർക്കെതിരെ കർശന നടപടിയെടുത്ത് ദുബൈ തുറമുഖ പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ എമിറേറ്റിലെ വിവിധ ബീച്ചുകളിൽ 212 നിയമ ലംഘനങ്ങളാണ് സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്.
ഇതിൽ ജെറ്റ് സ്കീ ഉപയോഗിക്കുന്ന 160 വ്യക്തികളും മറ്റ് നിയമം ലംഘിച്ച 52 പേരും ഉൾപ്പെടും. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് ജെറ്റ് സ്കീകൾ പ്രവർത്തിപ്പിക്കുക, നീന്തലിടങ്ങൾ, ഹോട്ടൽ, ബീച്ചുകൾ തുടങ്ങി നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുക, നിശ്ചിത സമയത്തിൽ കൂടുതൽ ജെറ്റ് സ്കീകൾ പ്രവർത്തിപ്പിക്കുക, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, ബോട്ടുകളിൽ അമിത ഭാരം കയറ്റൽ.
പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ദുബൈ തുറമുഖ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ പറഞ്ഞു. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഉപയോഗിച്ച് ജെറ്റ് സ്കീകൾ പ്രവർത്തിപ്പിച്ചാൽ 1000 ദിർഹമാണ് പിഴ. അനുവദിച്ച സമയത്തിൽ കൂടുതൽ ജെറ്റ് സ്കീകൾ ഉപയോഗിച്ചാൽ 2,000 ദിർഹം പിഴ ചുമത്തും. ജെറ്റ് സ്കീ ഉപഭോക്താക്കൾ എമിറേറ്റിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം.
അതോടൊപ്പം ലൈഫ് ജാക്കറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുക, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുക, സ്വകാര്യ, വിനോദ സമുദ്ര ബോട്ട് സർവിസ് സ്ഥാപനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കുക, അഞ്ചു മുതൽ ഏഴു വരെ നോട്ടിക്കൽ മൈൽ വേഗ പരിധി ലംഘിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അഭിതമായ ഭാരം കയറ്റുന്നതും സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുന്നതും 3000 ദിർഹം വരെ പിഴ ചുമത്താവുന്ന കുറ്റങ്ങളാണ്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിച്ചാൽ 1000 ദിർഹമാണ് പിഴ. അനുവദനീയമല്ലാത്ത ഇടങ്ങളിലേക്ക് പ്രവേശിച്ചാൽ 5000 ദിർഹം പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ദുബൈ പൊലീസിന്റെ അടിയന്തര സഹായത്തിനായി ‘സെയിൽ സേഫ്ലി’ ആപ്ലിക്കേഷൻ ഉപയോഗിക്കാം. കൂടാതെ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ 999 എന്ന ടോൾ ഫ്രീ നമ്പറിൽ ബദ്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.