നിയമലംഘനം: 32 സ്വർണ ശുദ്ധീകരണശാലകളുടെ ലൈസൻസ് റദ്ദാക്കി
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (എ.എം.എൽ) പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 32 സ്വർണ ശുദ്ധീകരണശാലകളുടെ ലൈസൻസ് യു.എ.ഇ സാമ്പത്തിക മന്ത്രാലയം റദ്ദാക്കി. ഈ വർഷം ജൂലൈ 24 മുതൽ ഒക്ടോബർ 24 വരെ മൂന്നു മാസത്തേക്കാണ് ലൈസൻസ് പിൻവലിച്ചത്. നിലവിൽ രാജ്യത്തെ പ്രവർത്തിക്കുന്ന മൊത്തം സ്വർണ ശുദ്ധീകരണ ശാലകളുടെ അഞ്ചു ശതമാനം വരുമിതെന്ന് സാമ്പത്തിക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സ്വർണം, രത്നക്കല്ലുകൾ എന്നിവയുടെ നിർമാണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ടുള്ള ശുദ്ധീകരണ ശാലകളിൽ സാമ്പത്തിക മന്ത്രാലയം നടത്തുന്ന തുടർച്ചയായ പരിശോധനകളിൽ നിയമലംഘനം കണ്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ഓരോ ശുദ്ധീകരണശാലയിലും എട്ട് നിയമലംഘനങ്ങൾ വീതം ആകെ 256 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
തട്ടിപ്പിന് സാധ്യതയുള്ള ഇടപാടുകൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പാലിക്കുക, സംശയമുള്ള ഇടപാടുകാരുടെ വിവരങ്ങൾ ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂനിറ്റിന് കൈമാറുക, തീവ്രവാദ പട്ടികയിലുള്ളവരുടെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പരിശോധിക്കുക എന്നീ കാര്യങ്ങളിലുള്ള വീഴ്ചകളാണ് നിയമലംഘനങ്ങളിൽ ഭൂരിഭാഗവും.
രാജ്യത്തെ സ്വർണാഭരണ നിർമാണമേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹ്മദ് അൽ സാലിഹ് പറഞ്ഞു.
കള്ളപ്പണം തടയുന്നതിനെതിരായി നിയമ നടപടികൾ കർശനമാക്കുകയും നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ കഴിഞ്ഞ വർഷം യു.എ.ഇയെ അന്താരാഷ്ട്ര ഏജൻസി ഗ്രേ ലിസ്റ്റിൽനിന്ന് നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.