ഭിന്നശേഷിക്കാർക്ക് വിമാനത്താവള നടപടികൾ പരിചയിക്കാൻ പ്രത്യേക പരിശീലനം
text_fieldsഅബൂദബി: ഭിന്നശേഷി വിഭാഗങ്ങൾക്ക് വിമാനത്താവളത്തിലെ യാത്രനടപടികൾ തടസ്സമില്ലാതെ പൂർത്തീകരിക്കാൻ പ്രത്യേക പരിശീലന സംരംഭവുമായി അബൂദബി പൊലീസ്. ‘വെർച്വൽ ചെക് ഇൻ സീനാരിയോ’ എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചത്. ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ക്ലിയറൻസ്, സ്മാർട്ട് ഗേറ്റിലെ പാസ്പോർട്ട് വെരിഫിക്കേഷൻ, പാസ്പോർട്ട് കൺട്രോൾ ഡെസ്ക്, മറ്റ് പരിശോധന നടപടികൾ എന്നിവ പൂർത്തീകരിക്കുന്നതിനുള്ള സമഗ്ര പരിശീലനം നൽകുകയാണ് ലക്ഷ്യം. സൈഫ് ബിൻ സായിദ് അക്കാദമി ഫോർ പൊലീസ് ആൻഡ് സെക്യൂരിറ്റി സയൻസസിലെ വെർച്വൽ ട്രെയ്നിങ് സെന്ററാണ് ഇതിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്. അബൂദബിയിലെ അൽകരാമ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം.
അബൂദബി ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ്, അബൂദബി ഇന്റർനാഷനൽ എയർപോർട്ട് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അൽകരാമ ഇന്സ്റ്റിറ്റ്യൂട്ടിൽ സൈഫ് ബിൻ സായിദ് അക്കാദമി ഫോർ പൊലീസ് ആൻഡ് സെക്യൂരിറ്റി സയൻസസ് ഡയറക്ടർ മേജർ ജനറൽ താനി ഭട്ടി അൽ ശംസി, എ.ഡി.ഇ.കെ അണ്ടർ സെക്രട്ടറി മുബാറക് ഹമദ് അൽ മെഹ്രി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സെക്യൂരിറ്റി ആൻഡ് പോർട്ട് അഫയേഴ്സ് ബ്രിഗേഡിയർ ഹമീദ് സഈദ് അൽ അഫ്രിദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
പരിശീലനാർഥികളായ കുട്ടികളെ വെർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്സെറ്റുകൾ ധരിപ്പിക്കുന്നതിലൂടെ അവരെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെർച്വൽ പകർപ്പിലേക്ക് എത്തിക്കും. തുടർന്ന് ഇ-പരിശീലനം വഴി വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗവും ചെക്ക്-ഇൻ, പരിശോധന നടപടിക്രമങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും പഠിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.