അബൂദബി സെൻറ് ജോർജ് കത്തീഡ്രലിൽ വെർച്വൽ പ്രാർഥനയജ്ഞം ഇന്നു മുതൽ
text_fieldsഅബൂദബി: 'സർവലോകത്തിനും സൗഖ്യവും യു.എ.ഇക്ക് അനുഗ്രഹവും' ശീർഷകത്തിൽ അബൂദബി സെൻറ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ തിങ്കളാഴ്ച മുതൽ രണ്ടുമാസം നീളുന്ന പ്രാർഥനയജ്ഞം 'ഗ്ലോറിയ 2020' നടക്കും.
ആകുലതകളുടെ ഈ കാലത്ത് പ്രവാസികളായ ആയിരക്കണക്കിനാളുകൾക്ക് പോറ്റമ്മയായ ഈ നാടിനെ നെഞ്ചോട് ചേർത്തുപിടിക്കുകയും സർവലോകത്തിനുംവേണ്ടി പ്രാർഥിക്കുകയും ചെയ്യുക എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നതെന്ന് ഇടവക വികാരി ഫാ. ബെന്നി മാത്യു അറിയിച്ചു.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആർഷഭാരത സംസ്‌കൃതി സൂക്തം ലോകത്തിനു സമ്മാനിച്ച ആശയത്തെ ഈ കാലഘട്ടത്തിൽ അബൂദബി സെൻറ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ചേർത്തുപിടിക്കുന്നു. കത്തീഡ്രലിൽ പതിറ്റാണ്ടുകളായി നടത്തിവരുന്ന കൊയ്ത്തുത്സവത്തിനു പകരമാണ് 'ഗ്ലോറിയ 2020' ഓൺലൈനായി നടത്താൻ തീരുമാനിച്ചത്. ആദ്യഫല സമർപ്പണവും കൃതജ്ഞത സ്‌തോത്രാർപ്പണവും എന്ന ആശയത്തിലൂന്നിയുള്ള പരിപാടി ക്രിസ്മസ് ദിനംവരെ നീളും. ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.
മെത്രാപ്പോലീത്തമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശശി തരൂർ എം.പി, വീണ ജോർജ് എം.എൽ.എ, ഫാ. ഡേവിസ് ചിറമേൽ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയൻറ് ട്രസ്റ്റി സജി തോമസ്, ജോയൻറ് സെക്രട്ടറി ജോബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.