ദുബൈയിൽ ‘വിഡിയോ കാൾ’ വഴിയും വിസക്ക് അപേക്ഷിക്കാം
text_fieldsദുബൈ: യു.എ.ഇക്ക് അകത്തും പുറത്തുമുള്ളവർക്ക് ദുബൈയിലെ വിസ അപേക്ഷകൾ പൂർത്തീകരിക്കാൻ ഇനി ‘വിഡിയോ കാൾ’ സൗകര്യം ഉപയോഗിക്കാം. പുതിയ സംവിധാനത്തിലൂടെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വിഡിയോ കാൾ വഴി ആശയവിനിമയം നടത്താനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ബുധനാഴ്ചയാണ് സേവനം അവതരിപ്പിച്ചത്. വിഷ്വൽ കമ്യൂണിക്കേഷൻ സർവിസസ് എന്ന സേവനം വഴി ഉപഭോക്താക്കൾക്ക് രേഖകൾ സമർപ്പിക്കാനും മറ്റ് അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും.
ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റ് മുഖേനയാണ് ഈ പുതിയ സേവനം സാധ്യമാകുന്നത്. വെബ്സൈറ്റിലെ വിഡിയോ കാൾ സർവിസ് ക്ലിക്ക് ചെയ്ത് പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ നൽകണം. തുടർന്ന് എന്തു സേവനമാണ് ആവശ്യമുള്ളതെന്ന് ക്ലിക് ചെയ്താൽ ഏതാനും മിനിറ്റുകൾക്കകം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ കഴിയും. ഉപയോക്താക്കൾക്ക് സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലാണ് സേവനം ആരംഭിച്ചിട്ടുള്ളത്. സേവനം നിലവിൽ നിശ്ചിത സമയത്തും പിന്നീട് മുഴുവൻ സമയവും ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് ‘കസ്റ്റമർ ഹാപ്പിനസ് സർവിസ് സെന്ററുകൾ’ സന്ദർശിക്കാതെ അഞ്ചു മിനിറ്റിനുള്ളിൽ രേഖകൾ സമർപ്പിക്കാനാകും. ജി.ഡി.ആർ.എഫ്.എയുടെ ആപ് വഴിയും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഫ്രണ്ട് കാമറ പ്രവർത്തിക്കുന്ന ഏത് ഉപകരണവും സേവനം ലഭിക്കാനായി ഉപയോഗിക്കാം. അപേക്ഷയോടൊപ്പം ഡോക്യുമെന്റുകൾ കുറവാണെങ്കിൽ ഉപഭോക്താവിന് പിന്നീട് അവ ചാറ്റ് ബോക്സിൽ അയക്കുകയും ചെയ്യാം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവ അപ്ലോഡ് ചെയ്ത് അപേക്ഷയിൽ ചേർക്കും. പദ്ധതിയിലൂടെ ഓഫിസുകളും സേവനകേന്ദ്രങ്ങളും സന്ദർശിക്കാതെ വിസ അപേക്ഷകളടക്കം എല്ലാ സേവനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കം പ്രമുഖർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.