വിസ ഫ്രീ ട്രാവൽ ഹോട്സ്പോട്സ്
text_fieldsചെറിയ പെരുന്നാളിന് യു.എ.ഇയിൽ അഞ്ചു ദിവസം വരെ അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കോവിഡ് കാലത്ത് യാത്രകൾക്കെല്ലാം അവധി പറഞ്ഞവർക്ക് ലഭിക്കുന്ന ആദ്യ സഞ്ചാര അവസരം കൂടിയാണ് പെരുന്നാൾ കാലത്ത് കടന്നുവരുന്നത്. എന്നാൽ കുറഞ്ഞ ദിവസത്തിൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ച് കാത്തിരിക്കാനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. അത്തരക്കാർക്ക് എളുപ്പത്തിൽ പോയി വരുന്ന ചില സ്ഥലങ്ങളുണ്ട്. വിസ ആവശ്യമില്ലാത്ത, അല്ലെങ്കിൽ യു.എ.ഇ റെസിഡന്റ്സ് ആയവർക്ക് വിസ ഓൺ അറൈവൽ ലഭിക്കുന്ന സ്ഥലങ്ങളാണിത്. അക്കൂട്ടത്തിലെ മനോഹരമായ നാലു രാജ്യങ്ങളെ പരിചയപ്പെടാം. യു.എ.ഇയിലെ പ്രവാസികളടക്കമുള്ളവർ നേരത്തെ തന്നെ വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുത്തിരുന്ന രാജ്യങ്ങളാണിത്.
അസർബൈജാൻ
യൂറോപ്പിന്‍റെ കിഴക്കൻ അതിരിലും ഏഷ്യയുടെ പടിഞ്ഞാറൻ അറ്റത്തും സ്ഥിതി ചെയ്യുന്ന അസർബൈജാനിൽ പറന്നിറങ്ങുന്നതിന് യു.എ.ഇ താമസക്കാർക്ക് നേരത്തെ വിസ ആവശ്യമില്ല. അസർബൈജാനിൽ എത്തുമ്പോൾ യു.എ.ഇ റസിഡൻസ് വിസക്ക് കുറഞ്ഞത് നാല് മാസത്തെ സാധുത ഉണ്ടായിരിക്കണം എന്നത് മാത്രമാണ് നിബന്ധന. തലസ്ഥാന നഗരിയായ കാസ്പിയൻ കടൽ തീരത്തെ ബാകു തന്നെയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഇവിടുത്തെ യുനെസ്കോ പൈതൃക പട്ടികയിലുള്ള 'ഇഷേരി സെഹർ' എന്ന പഴയ നഗരം ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്. അബ്ഷെറോൺ നാഷണൽ പാർക്ക്, ഗരാസു അഗ്നിപർവ്വതം, നഫ്തലാൻ ഓയിൽ റിസോർട്ട്, കാസ്പിയൻ കടൽ തുടങ്ങിയവ മറ്റു ആകർഷണങ്ങളാണ്.
ഔദ്യോഗിക കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കോവിഡിൽ നിന്ന് മുക്തമായെന്ന് വ്യക്തമാക്കുന്ന കത്ത് യാത്രക്കാരൻ കരുതണം. 72മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലവും നിലവിൽ ആവശ്യമാണ്.
ജോർജിയ
വിസ പ്രയാസമില്ലാതെ യു.എ.ഇയിൽ നിന്ന് എത്തിച്ചേരാവുന്ന രാജ്യങ്ങളിലൊന്നാണ് ജോർജിയ. നിരവധി കോട്ടകളും പുരാതാനന പള്ളികളും കൊക്കോസ് മലനിരകളും എല്ലാം ഏവർക്കും കൺകുളിർമ പകരുന്ന കാഴ്ചകളാണ്. മിക്കപ്പോഴും മഞ്ഞിന്‍റെ പുതപ്പണിഞ്ഞുകിടക്കുന്ന ജോർജിയ യൂറോപ്പിനും ഏഷ്യക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. കാണാനേറെയുള്ള ജോർജിയയിലേക്ക് നിരവധി പേർ ഓരോ വർഷവും യു.എ.ഇയിൽ നിന്ന് പോകാറുണ്ട്. പ്രത്യേകിച്ച് ഇവിടെ ചൂട് കൂടുന സമയങ്ങളിൽ തണുപ്പ് ആസ്വദിക്കാനും കാഴ്ചകൾ കാണാനുമാണ് യാത്ര ചെയ്യുന്നത്. കരിങ്കടലിന്‍റെ തീരങ്ങളും ഇവിടുത്തെ ആകർഷണീതയാണ്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഇപ്പോൾ യാത്രക്കുണ്ട്.
മൗറീഷ്യസ്
മൗറീഷ്യസ് യു.എ.ഇ നിവാസികൾക്ക് വിസയില്ലാതെ പ്രവേശനം നൽകുന്ന രാജ്യമാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണെങ്കിലും ആഫ്രിക്കൻ വൻകരയിലാണ് ഉൾപ്പെടുന്നത്. ദ്വീപ് രാജ്യമായ ഇവിടുത്തെയും പ്രധാന ആകർഷണങ്ങൾ കടലുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. വെള്ളച്ചാട്ടങ്ങളും ബീച്ചുകളും തന്നെയാണ് വിനോദ സഞ്ചാരികളുടെ ലക്ഷ്യമാകാറുള്ളത്. തലസ്ഥാനമായ പോർട്ട് ലൂയിക്ക് സമീപം സ്ഥിതി ചെയ്യുന്ന 'സിംഹ പർവതം' എന്നു വിളിക്കപ്പെടുന്ന പർവത ഭാഗവും മനോഹര കാഴ്ചയാണ്. ഇവിടെ ട്രക്കിങിനും മറ്റുമായി ധാരാളം പേർ എത്തിച്ചേരാറുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചായിരിക്കണം യാത്ര.
മാലദ്വീപ്
യു.എ.ഇ താമസക്കാർക്ക് മാലദ്വീപ് വിസ ഓൺ അറൈവൽ നൽകുന്നുണ്ട്. എമിറേറ്റ്‌സ് എയർലൈൻ വെബ്‌സൈറ്റ് അനുസരിച്ച് മാലദ്വീപിലേക്ക് യാത്രക്ക് നിലവിൽ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഇമിഗ്രേഷൻ വെബ്സൈറ്റിൽ ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം.
ലോകത്താകമാനമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് മാലിദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്‍റെ കടൽ മനോഹാരിതയും വിസ്മയങ്ങളും ആസ്വദിക്കാനാണ് പ്രധാനമായും സഞ്ചാരികൾ യാത്ര ചെയ്യുന്നത്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. ഇന്ത്യയിൽ നിന്നുള്ളവരെ സംബന്ധിച്ച് ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന ഹോട്ടലുകളും ആഢംബര സൗകര്യങ്ങളുള്ള മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. ബീച്ചുകളിലെ ഡൈവിങ്, സ്‌നോർക്ലിങ് പോലുള്ള വിനോദങ്ങൾ ഇവിടെ ലഭ്യമാണ്. മികച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നവയാണ് ഈ വിനോദങ്ങളെല്ലാം. കടലിനടിയിലെ സുന്ദരമായ കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന സ്‌നോർക്ലിങ്, സഞ്ചാരികൾക്കു പുത്തൻ അനുഭവമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.