വിസ നിയമ ഭേദഗതി: റിയൽ എസ്റ്റേറ്റ് മേഖല കരുത്താർജിക്കും
text_fieldsഅബൂദബി: വിദഗ്ധ പ്രഫഷനലുകൾക്കും അന്താരാഷ്ട്ര നിക്ഷേപകർക്കും പത്ത് വർഷ കാലാവധിയുള്ള വിസ അനുവദിക്കുന്നതിന് നിയമ ഭേദഗതി വരുത്താനുള്ള യു.എ.ഇ മന്ത്രിസഭയുടെ തീരുമാനം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തൽ. ദീർഘകാല വിസ ലഭ്യമാകുന്നതോടെ യു.എ.ഇയെ സ്ഥിരം ജോലി സ്ഥലമായി കാണാനും വിരമിച്ചതിന് ശേഷവും ഇവിടെ തന്നെ തുടരാനും പലരും തയറാറായേക്കും. അതിനാൽ, യു.എ.ഇയിൽ ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാരേറും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ തുണക്കുമെന്നാണ് പ്രതീക്ഷ. ഫ്ലാറ്റുകളും വില്ലകളും വില കൊടുത്ത് സ്വന്തമാക്കുന്നവരും ഏറെയുണ്ടാകുമെന്ന് മേഖലയിലുള്ളവർ കരുതുന്നു.
അതേസമയം, നിയഭേദഗതി സംബന്ധിച്ച പൂർണ ചിത്രം ഇനിയും ലഭ്യമാകാനുണ്ട്. പത്ത് വർഷത്തെ താമസ വിസയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും രാജ്യത്ത് ഭൂരിപക്ഷവും ഒരു തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യുന്ന സംവിധാനം നിലനിൽക്കെ വിസാമാറ്റം ജോലി നഷ്ടപ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ, തൊഴിലുടമയിൽനിന്ന് സ്വതന്ത്രമായി നിലനിൽക്കാനും ആവശ്യാനുസൃതം രാജ്യത്തുനിന്ന് പുറത്തുപോയി വരാനും സാധിക്കുന്ന തരത്തിൽ യു.എസിലെ ഗ്രീൻ കാർഡ് രീതിയിലുള്ള താമസ വിസയാണ് അനുവദിക്കുന്നതെങ്കിൽ അത് വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക. പത്ത് വർഷ കാലാവധിയുള്ള വിസ അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡം, പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയ വിവരങ്ങളും പുറത്തുവരാനുണ്ട്. ഇക്കാര്യങ്ങൾ ഉടൻ അറിയാൻ സാധിച്ചേക്കും.
ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വിദഗ്ധ ഡോക്ടർമാർ, എൻജിനീയർമാർ, കോർപറേറ്റ് നിക്ഷേപകർ അവരുടെ കുടുംബം തുടങ്ങിയവർക്കാണ് പത്ത് വർഷത്തെ വിസ അനുവദിക്കാൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകിയത്. ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് സാഹചര്യങ്ങൾ പരിശോധിച്ച് അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള വിസയും അനുവദിക്കും. കൂടാതെ അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിലെ ബിസിനസിൽ 100 ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനവും രാജ്യത്തെ വിവിധ ബിസിനസ് മേഖലകളിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരും. ഫ്രീസോണിൽ മാത്രമേ നിലവിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നുള്ളൂ. അല്ലാത്തിടങ്ങളിൽ 51 ശതമാനം സ്വദേശി പങ്കാളിത്തത്തോടെ മാത്രമേ വിദേശികൾക്ക് ബിസിനസ് ചെയ്യാൻ ഇപ്പോൾഅനുമതിയുള്ളൂ.
മന്ത്രിസഭാ തീരുമാനം തിങ്കളാഴ്ച റിയൽ എസ്റ്റേറ്റ് ഒാഹരികളിലും പ്രതിഫലിച്ചു. ദുബൈയിലെ ഇമാർ പ്രോപർട്ടീസിന് 2.9 ശതമാനവും ഡമാക് പ്രോപർട്ടീസിന് 4.8 ശതമാനവും ഒാഹരി വിലയിൽ വർധനയുണ്ടായി. അബൂദബിയുടെ അൽദാർ പ്രോപർട്ടീസ് ഒാഹരി വില 1.4 ശതമാനവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.