‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത തുണയായി: വിസ ചതിയില്‍പ്പെട്ട ദമ്പതികള്‍ ഇന്നു നാട്ടിലേക്ക്
text_fieldsഷാര്‍ജ: വിസ ചതിയില്‍പ്പെട്ട എറണാകുളം അങ്കമാലി സ്വദേശികളായ എല്‍ദോ പോളും ഭാര്യ ബിന്‍സി വര്‍ഗീസും വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. കൊല്ലം, കുമ്പനാട് സ്വദേശികളുടെ വിസ ചതിയില്‍പ്പെട്ട ബിന്‍സിയെയും എല്‍ദോയെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ ചേര്‍ത്തുപിടിച്ചത് സാമൂഹിക പ്രവർത്തക ലൈല അബൂബക്കറും ഇവരുടെ ദുരിതകഥ ലോകത്തോട് വിളിച്ച് പറഞ്ഞത് ഗള്‍ഫ് മാധ്യമവും വാര്‍ത്ത അറിഞ്ഞയുടനെ ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ മുന്നോട്ട് വന്നത് അങ്കമാലി എന്‍.ആര്.ഐ അസോസിയേഷനുമാണ്. ‘ഗൾഫ് മാധ്യമം’ വാർത്തയിൽ നല്കിയ എല്‍ദോയുടെ നമ്പറിലേക്ക് നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്ത് വിളിച്ചത്. കമ്പനി സ്പോണ്‍സറായ സ്വദേശിയുടെ മികച്ച പിന്തുണ കൂടിയാണ് വളരെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് സൗകര്യമൊരുക്കിയത്. ഇവരെ ഇവിടെ എത്തിച്ച് തെരുവില്‍ തനിച്ചാക്കിയ കൊല്ലം സ്വദേശി കൃഷ്ണനും, കുമ്പനാട് സ്വദേശി രഞ്ജിത്തും നാട്ടിലേക്ക് മുങ്ങിയിരിക്കുകയാണ്.
താമസസ്ഥലത്തിെൻറ കാലാവധി പൂര്‍ത്തിയാകുകയും ഇവിടെ എത്തിച്ചവര്‍ മൊബൈല്‍ ഓഫാക്കി കടന്നുകളയുകയും ചെയ്തതോടെ പെരുവഴിയിലായ ദമ്പതികള്‍ ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട് ഇനി എങ്ങോട്ട് എന്നറിയാതെ പകച്ച് നില്‍ക്കുമ്പോഴാണ് ലൈല അബൂബക്കര്‍ സഹായഹസ്തവുമായി എത്തിയത്. എൽദോയെയും എട്ടുമാസം ഗർഭിണിയായ ബിൻസിയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ലൈല നിയമ പരിരക്ഷയും ലോക്കല്‍ സ്പോണ്‍സറുടെ പിന്തുണയും ഉറപ്പാക്കി. രണ്ടു ദിവസങ്ങളിലായി ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച ഇവരുടെ ദുരിതകഥ സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അങ്കമാലി എന്‍.ആര്.ഐ ഫോറം പ്രവര്‍ത്തകരായ ബിന്ദു തോമസ്, ജിജോ അഗസ്റ്റിന്, ഷിജീഷ് മുകുന്ദന് എന്നിവര്‍ ലൈല അബുബക്കറിെൻറ വീട്ടിലെത്തി എല്ലാവിധ പിന്തുണയും ഒരുക്കുകയായിരുന്നു. അമ്മയെ പോലെ കൂടെ നിന്ന ലൈല അബുബക്കറിനോടും വാര്‍ത്ത അറിഞ്ഞത് മുതല്‍ സാന്ത്വനവും സ്നേഹവും പിന്തുണയുമായി കൂടെനിന്ന നല്ലവരായ പ്രവാസികളോടും പിന്തുണ നല്കിയ അങ്കമാലി എന്‍.ആര്.ഐ അസോസിയേഷനോടും ഗള്‍ഫ് മാധ്യമത്തോടുമുള്ള കടപ്പാട് വാക്കുകള്‍ക്ക് അപ്പുറത്താണെന്ന് പറയുമ്പോള്‍ ദമ്പതികളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.