വിസ റദ്ദാക്കപ്പെട്ടവർ എന്ത് ചെയ്യും
text_fieldsദുബൈ: വിസയുടെ കാര്യത്തിൽ യു.എ.ഇ ഭരണകൂടം വ്യക്തത വരുത്തിയിട്ടും പ്രവാസികളുടെ ആശങ്ക ഒഴിയുന്നില്ല. വിസ കാലാവധി കഴിഞ്ഞവർ എന്ത് ചെയ്യും, വിസ റദ്ദാക്കപ്പെട്ടവർ എന്ത് ചെയ്യും എന്നിവയാണ് പ്രധാന സംശയങ്ങൾ. മാർച്ച് ഒന്നിന് ശേഷമാണ് വിസ കാലാവധി കഴിഞ്ഞതെങ്കിൽ ഡിസംബർ 31 വരെ യു.എ.ഇയിൽ തങ്ങുന്നതിന് കുഴപ്പമില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും കാരണം കൊണ്ട് വിസ റദ്ദാക്കിയവർക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല. തൊഴിലുടമ വിസ റദ്ദാക്കുകയോ സ്വന്തമായി വിസ കാൻസൽ ചെയ്യുകയോ ചെയ്തവർ 28 ദിവസത്തിനുള്ളിൽ മറ്റൊരു വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഇവർ പിഴ അടക്കേണ്ടി വരും. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരിൽ ചിലരുടെ വിസ തൊഴിലുടമ തന്നെ റദ്ദാക്കിയിട്ടുണ്ട്. ഇത്തരക്കാർ മറ്റൊരു വിസ എടുക്കേണ്ടി വരും. ട്രാവൽ ഏജൻസികൾ വഴി വിസിറ്റിങ് വിസ എടുക്കുന്നതാവും നല്ലത്. മറ്റൊരു തൊഴിലിലേക്ക് മാറിയെങ്കിൽ പുതിയ സ്പോൺസറുടെ കീഴിലുള്ള വിസ എടുക്കണം.
ആമർ സെൻററിൽ അന്വേഷിച്ചാലോ (8005111) വെബ്സൈറ്റ് വഴിയോ വിസയുടെ കാലാവധി അറിയാൻ കഴിയും. വിസ റദ്ദാക്കപ്പെട്ടവർ പുതിയ വിസയിലേക്ക് മാറാതെ രാജ്യത്ത് തുടർന്നാൽ 28 ദിവസം കഴിയുന്നത് മുതൽ പിഴ അടക്കേണ്ടി വരും. ആദ്യ ദിവസം 125 ദിർഹമും തുടർന്നുള്ള ഒാരോ ദിവസവും 25 ദിർഹവും വീതമാണ് പിഴ. നൂറ് ദിവസത്തെ വിസക്ക് 2,200 ദിർഹമാണ് ഇൗടാക്കുന്നത്. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് പിഴ അടക്കാതെ ആഗസ്റ്റ് 18 വരെ രാജ്യം വിടാമെന്നും യു.എ.ഇ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.