വിഷു എത്തി; വരവേറ്റ് പ്രവാസം
text_fieldsദുബൈ: കണിക്കൊന്നയും കണിവെള്ളരിയുമൊരുക്കി വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. റമദാനിന്റെ ഇടയിൽ വിരുന്നെത്തിയ വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസലോകവും. ദിവസങ്ങൾക്ക് മുമ്പ് തന്നെ യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകളിലും ചെറുകിട സ്ഥാപനങ്ങളിലൂം നാട്ടിൽ നിന്ന് പച്ചക്കറികളും കണിക്കൊന്നയുമെല്ലാം എത്തിയിരുന്നു. ഇക്കുറി വാരാന്ത്യ അവധി ദിനങ്ങളിൽ വിഷുവെത്തിയതോടെ യു.എ.ഇയിലെ പ്രവാസികളുടെ ആഘോഷത്തിന് മാറ്റ് കൂടും. തൊട്ടടുത്ത ദിവസം ഞായറാഴ്ചയായതിനാൽ പലരും യാത്രകൾക്കും പദ്ധതിയിട്ടിട്ടുണ്ട്.
വീടുകളിൽ രാവിലത്തെ കണികാണലും ചടങ്ങുകളും കഴിഞ്ഞശേഷം സദ്യവട്ടങ്ങളുടെ ഒരുക്കം തുടങ്ങും. വിമാനമേറി വരുന്ന തൂശനിലയിൽ നാടൻ സദ്യയൊരുക്കിയായിരിക്കും ആഘോഷം. കേരളത്തിൽനിന്ന് എത്തിക്കുന്ന ഉൽപന്നങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. എന്നാൽ, യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വിളവെടുത്ത പച്ചക്കറികളും വിഷുമാർക്കറ്റിൽ സുലഭമാണ്. നാട്ടിലേതിന് സമാനമായി കണികാണാനുള്ള വസ്തുക്കളെല്ലാം യു.എ.ഇയിലെ മാർക്കറ്റിലും സുലഭമാണ്.
സദ്യയും പായസവുമെല്ലാം പാഴ്സലായും ലഭിക്കും. കസവ് മുണ്ടും സാരിയുമെല്ലാം ഓഫറുകളോടെ ഷോപ്പിൽ എത്തിയിട്ടുണ്ട്. പതിവ് പോലെ ബർദുബൈയിലെ പെരുമാൾ ഫ്ലവർ സ്റ്റോറിൽ ഇക്കുറിയും നാട്ടിൽ നിന്ന് കൊന്നപ്പൂവ് എത്തിയിട്ടുണ്ട്. കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേരുന്ന ആഘോഷം കൂടിയാണ് വിഷു. വിവിധ എമിറേറ്റുകളിലെ ബന്ധുക്കളെല്ലാം എവിടെയെങ്കിലും ഒത്തുചേരുകയും സന്തോഷം പങ്കിടുകയും ആഘോഷിക്കുകയും ചെയ്യുന്നു. റമദാനിലായതിനാൽ ആഘോഷം വൈകുന്നേരത്തേക്ക് മാറ്റിവെക്കുന്നവരുമുണ്ട്.
നാട്ടിൽ സ്കൂൾ അവധി ആയതിനാൽ കുടുംബാംഗങ്ങളെ വിഷു ആഘോഷിക്കാൻ യു.എ.ഇയിൽ എത്തിച്ചവരും കുറവല്ല. എന്നാൽ, ഓണം പോലെ സംഘടനകൾ വലിയ രീതിയിൽ വിഷു ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ല.ബിസിനസ് ലോകത്തും ആഘോഷങ്ങളുടെ സന്ദർഭമാണിത്. വിഷു പ്രമാണിച്ച് സൂപ്പർ മാർക്കറ്റുകളിലും ഷോപ്പുകളിലും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ കൂടി അടുത്തുവരുന്നതോടെ ഉപഭോക്താക്കൾക്കും ഓഫർ കാലമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.