ഓർമകളിലിന്നും വാടാതെ ആ വിഷുക്കണി
text_fieldsമങ്ങിക്കിടക്കുന്ന വിഷു ഓർമകളിൽ ഇന്നും പ്രവാസമണ്ണിന്റെ ഗന്ധം പൂർണമായി നിറഞ്ഞിട്ടില്ല. ഇരുപതിൽ കൂടുതൽ വിഷുനാളുകൾ ഈ പ്രവാസമണ്ണിൽ വന്നു പോയിട്ടും, ഓർമകളിൽ ഇന്നും അമ്മ മണമുള്ള പാലക്കാടൻ വിഷു തന്നെ നിറഞ്ഞു നിൽക്കുന്നു. സ്കൂൾ വേനലവധിക്ക് അടക്കുമ്പോൾ തന്നെ വീട്ടിൽ ആഘോഷങ്ങൾ തുടങ്ങുകയാണ്. ആദ്യമായി എല്ലാ വർഷവും വിഷുവിനെ വരവേൽക്കുന്നത് മുത്തച്ഛൻ പ്ലാവിൽ വീട്ടിലെ കാര്യസ്ഥൻ ശങ്കരേട്ടനെ കൊണ്ട് അമ്മ കെട്ടിക്കുന്ന യമണ്ടൻ ഊഞ്ഞാലാണ്. ഊഞ്ഞാൽ കെട്ടുന്നത് വീട്ടിലെ ചെറിയ കുട്ടിയായ എനിക്കാണെന്ന പേരിലാണെങ്കിലും അതിൽ ആടാൻ വരുന്നത് ആ പ്രദേശത്തെ എല്ലാ കുട്ടികളുമാണ്. വേനലവധി ഒന്ന് കണ്ണുപൂട്ടി തുറക്കുമ്പോഴേക്കും വിഷു ഇങ്ങെത്തും. മാർച്ച് അവസാനം വീട്ടിലെ കൊന്നമരം ആഘോഷത്തിന്റെ സന്തോഷം അറിയിച്ചു പൂത്തു തുടങ്ങും. എന്തൊരു ഭംഗിയാണ് വലിയ തെങ്ങിൻതോപ്പിനുള്ളിൽ കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ!
കുട്ടികൾക്ക് സന്തോഷം വിഷു കൈനീട്ടം, പടക്കം പൊട്ടിക്കൽ ഒക്കെയാണെങ്കിലും അമ്മയുടെ ശ്രദ്ധ മുഴുവൻ സദ്യയിലും, വിഷുക്കണി ഒരുക്കലിലുമൊക്കെയാണ്. തലേന്ന് തുടങ്ങും സദ്യ വട്ടങ്ങളൊരുക്കാൻ. വിഷുക്കണി വളരെ പ്രത്യേകതയുള്ളതാണ്. വീട്ടിലെ സമൃദ്ധി വിളിച്ചുപറയുന്ന സാധനങ്ങൾ അടങ്ങിയതായിരുന്നു കണി. വീട്ടിൽ കായ്ച്ച സ്വർണനിറമുള്ള കണിവെള്ളരി ഓട്ടുരുളിയിൽ ആദ്യ സ്ഥാനം പിടിക്കും.. പിന്നെ വീട്ടിലെ ചക്ക, മാങ്ങ, ചെറുപഴം, കൈതച്ചക്ക എന്നിങ്ങനെ പിറകെയായി കണിക്കായി ഒരുങ്ങും. തേച്ചുമിനുക്കിയ ഏഴു തിരിയിട്ട നെയ് വിളക്ക്, പഴത്തിന്മേൽ കുത്തിവെച്ച സുഗന്ധം നിറഞ്ഞ ചന്ദനത്തിരികൾ, പൊട്ടിച്ചുവെച്ച രണ്ടു തേങ്ങാ മുറികളിൽ കത്തുന്ന കർപ്പൂരം, സ്വർണമാല ചാർത്തിയലങ്കരിച്ച ഭംഗിയേറിയ കൃഷ്ണ വിഗ്രഹം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണ നാണയങ്ങൾ, പൈസ നോട്ടുകൾ, കോടിമുണ്ട്, നെല്ല്, അരി, വെള്ളം, കിണ്ടി, നിറയെ കൊന്നപ്പൂ... അങ്ങനെ നിറയുന്നു അമ്മയുടെ കണി.
അമ്മയുടെ രാത്രി ഒരുക്കങ്ങളാണ് ഇതൊക്കെ. വീട്ടിൽ എല്ലാവരും ഉറങ്ങിയതിന് ശേഷമേ ഇതൊക്കെ ഒരുക്കാൻ തുടങ്ങുകയുള്ളൂ. കണി കാണാൻ പുലർച്ചെ അമ്മ എല്ലാവരെയും വിളിച്ചുണർത്തി കണ്ണ് പൊത്തി കണിക്കു മുമ്പിൽ വെച്ച പലകമേൽ ഇരുത്തി ‘ഇനി കണ്ണ് തുറന്നോളൂ’ എന്ന് പറയുമ്പോൾ കാണുന്ന ആ കാഴ്ച്ച.. ആഹാ..!! ഇന്നും പ്രവാസത്തിലെ ഒരു വിഷുക്കണിക്കും കിട്ടാത്ത ഒരു ഐശ്വര്യകാഴ്ച്ച തന്നെയാണ്.
കണികണ്ട ശേഷം വിഷുൈക്കനീട്ടം കിട്ടുന്ന സമയമാണ്. അമ്മയുടെ കൈയിൽ നിന്നും പ്രാഥൈിച്ചു തരുന്ന ആ പൈസ ഒരു വർഷത്തിലേക്കുള്ള ഐശ്വര്യമാണ്. ഏട്ടന്മാരൊക്കെ അത് അന്നുതന്നെ ചെലവാക്കുമ്പോൾ വീട്ടിലെ ചെറിയ കുട്ടിയായ ഞാൻ വലുതാകുമ്പോൾ ചെലവാക്കാനാണെന്ന് പറഞ്ഞു സൂക്ഷിച്ചു വെക്കുമായിരുന്നു. അടുത്ത ചടങ്ങ് ഏട്ടന്മാരുടെ പടക്കം പൊട്ടിക്കലാണ്. ഉച്ചക്ക് ഗംഭീര സദ്യയാണ്. എല്ലാ വിഭവങ്ങളും കൂടെ പാൽപായസമോ പഞ്ചാരപ്പായസമോ ഉണ്ടാകും. അയൽവീടുകളിലെ ആൾക്കാരും ജോലിക്കാരും മറ്റും സദ്യക്ക് വീട്ടിലുണ്ടാകും. പ്രകൃതി നിറഞ്ഞ് അനുഗ്രഹിച്ചിരുന്ന ആ വിഷുക്കാലം ഇനി ഓർമകളിൽ മാത്രം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.