വിസിറ്റ് വിസക്കാർ എക്സിറ്റ് പാസ് കിട്ടുന്നതിന് മുമ്പ് ടിക്കറ്റെടുക്കരുത്
text_fieldsദുബൈ: വിസിറ്റ് വിസയിലെത്തിയശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സിറ്റ് പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റെടുക്കരുതെന്ന് നിർദേശിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതർ (ജി.ഡി.ആർ.എഫ്.എ). അൽ അവീറിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ പലരും വിമാന ടിക്കറ്റുമായി പൊതുമാപ്പ് അപേക്ഷിക്കാനെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ ആവശ്യപ്പെട്ടത്.
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും 48 മണിക്കൂർവരെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകാൻ എടുത്തേക്കാമെന്നും അധികൃതർ വ്യക്തമാക്കി. എക്സിറ്റ് പാസ് ലഭിക്കുന്നതിന് ടിക്കറ്റ് ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം റസിഡന്റ് വിസയുണ്ടായിരുന്നവർക്ക് എക്സിറ്റ് പാസ് ലഭിക്കാൻ കുറഞ്ഞ സമയം മാത്രം മതിയാകും. കാരണം ബയോമെട്രിക് വിവരങ്ങൾ സിസ്റ്റത്തിൽ ഉണ്ടാകുന്നതിനാലാണിത്. ദുബൈയിൽ 86 ആമിർ സെന്ററുകളും ജി.ഡി.ആർ.എഫ്.എ അൽ അവീർ സെന്ററിൽ ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലുമായി ആയിരത്തിലേറെ പേർ ഇളവ് ഉപയോഗപ്പെടുത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേഗത്തിൽതന്നെ അവസരം ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും അവസാന നിമിഷത്തിലേക്ക് കാത്തിരിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അൽ അവീറിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടെന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും. എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്.
ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയും സജീവമായി രംഗത്തുണ്ട്. സംശയനിവാരണത്തിന് ജി.ഡി.ആർ.എഫ്.എയുടെ കാൾ സെന്റർ നമ്പറായ 8005111 ൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.