വിസിറ്റ് വിസയിലെ തൊഴിലന്വേഷണം മരണക്കെണിയാകുന്നു
text_fieldsമനാമ: ഏജന്റുമാരുടെ കെണിയിൽപെട്ട് സന്ദർശകവിസയിൽ ബഹ്റൈനിൽ എത്തി ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജോലിയൊന്നും ശരിയാകാതെ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടേണ്ട അവസ്ഥയിലേക്കുവരെ ആളുകൾ എത്തുന്നു. സന്ദർശക വിസയിൽ വന്ന രണ്ടുപേരാണ് ജനുവരിയിൽ മാത്രം ബഹ്റൈനിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ച തൃശൂർ സ്വദേശിയും കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയുമാണ് ജീവനൊടുക്കിയത്. ജോലി ലഭിക്കാതെ പ്രായസത്തിലായിരുന്നു രണ്ടുപേരും.
2.10 ലക്ഷം രൂപ നാട്ടിലെ ഏജന്റിന് നൽകിയാണ് തിരുവനന്തപുരം സ്വദേശി വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയത്. ആദ്യതവണ ബഹ്റൈൻ എയർപോർട്ടിൽ എത്തിയെങ്കിലും തിരിച്ചയക്കുകയായിരുന്നു. വീണ്ടും ഏജന്റിന് പണം നൽകിയാണ് മൂന്നുമാസം മുമ്പ് എത്തിയത്. ഒരുവർഷത്തെ വിസ ലഭിക്കുമെന്നും ഹോട്ടൽ ജോലിയാണെന്നും പറഞ്ഞാണ് ഇദ്ദേഹത്തെ ഏജന്റ് കയറ്റിവിട്ടത്. ഇവിടെയെത്തി ചില സ്ഥലങ്ങളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പണം വാങ്ങി വിസിറ്റ് വിസയിൽ ആളുകളെ കയറ്റിവിടുന്ന നിരവധി ഏജന്റുമാരുണ്ടെന്നും ഇത്തരക്കാരെ നിയന്ത്രിക്കാൻ നിയമസംവിധാനങ്ങൾ നടപടി സ്വീകരിക്കണമെന്നും ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി തൊഴിൽ മോഹികളെ വലയിലാക്കുന്ന ഏജന്റുമാർ വൻ തുകയാണ് വിസക്കുവേണ്ടി വാങ്ങുന്നത്.
വിസിറ്റ് വിസയാണെങ്കിലും തൊഴിൽ വിസ എന്നാണ് ചില ഏജന്റുമാർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.ഉയർന്ന ജോലിയും ശമ്പളവും ഇവർ വാഗ്ദാനം ചെയ്യുമ്പോൾ തൊഴിലന്വേഷകർ മറ്റൊന്നും ആലോചിക്കാതെ പണം നൽകുകയാണ് ചെയ്യുന്നത്. ഒടുവിൽ ജോലിയുമില്ല, പണവുമില്ല എന്ന അവസ്ഥയിലാണ് പലരും എത്തുന്നത്. വിസിറ്റ് വിസയിൽ വന്ന് ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ അനുഭവങ്ങളാണുള്ളത്. താമസിക്കാൻ ഇടവും കഴിക്കാൻ ഭക്ഷണവും ലഭിക്കാതെ പ്രയാസപ്പെടുന്നവരുമുണ്ട്. ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് ഭാഗ്യപരീക്ഷണത്തിനായി വരുന്നതിനെതിരെ സാമൂഹിക പ്രവർത്തകർ പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ബഹ്റൈനിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലെങ്കിൽ കടുത്ത ദുരിതമായിരിക്കും ഇവർക്ക് നേരിടേണ്ടിവരുക. കഴിഞ്ഞ വർഷം ബഹ്റൈനിൽ 39 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. അതിൽ 60 ശതമാനത്തോളം മലയാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.