സന്ദർശക വിസക്കാർ അറിയണം, ഗൾഫിലേക്ക് മെഡിക്കൽ പരിശോധന ആവശ്യമില്ല
text_fieldsദുബൈ: സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച് കേരളത്തിൽ തട്ടിപ്പ്. ജോലി തേടിയെത്തുന്നവരിൽ നിന്നാണ് പ്രധാനമായും പണം തട്ടുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ പോകുന്നവർക്ക് കേരളത്തിൽ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ് ഈ പേരിൽ തട്ടിപ്പ് നടത്തുന്നത്. ചില ലാബുകാരുമായി ചേർന്ന് വ്യാജ ഏജന്‍റുമാരാണ് തട്ടിപ്പിന് പിന്നിൽ.
അടുത്തിടെ ജോലി തട്ടിപ്പിനിരയായി യു.എ.ഇയിൽ എത്തിയ പലരിൽ നിന്നും ഇത്തരത്തിൽ തുക തട്ടുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചില വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ നാട്ടിൽ നിന്ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കണമെന്നുണ്ട്. എന്നാൽ, ആറ് ഗൾഫ് രാജ്യങ്ങളിലേക്കും സന്ദർശക വിസക്കാർക്ക് മെഡിക്കൽ ടെസ്റ്റ് ആവശ്യമില്ല. പുതിയ വിസയിലേക്ക് മാറുമ്പോൾ ഗൾഫിൽ നിന്ന് തന്നെയാണ് മെഡിക്കൽ എടുക്കേണ്ടത്.
മെഡിക്കൽ പരിശോധനക്ക് എന്ന പേരിൽ 1000 മുതൽ 3000 രൂപ വരെ ഈടാക്കുന്നുണ്ട്. ഇതിന് ശേഷം ഇവരെ ഏതെങ്കിലും ലാബിലേക്ക് അയച്ച് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ലാബുകാരുമായി ഒത്തുകളിച്ചാണ് ഇത്തരം തട്ടിപ്പ്. ഇതോടെ, നാട്ടിലും വിദേശത്തും മെഡിക്കൽ പരിശോധനക്ക് വിധേയരാകേണ്ടി വരുകയും ധനനഷ്ടമുണ്ടാകുകയും ചെയ്യുന്നു.
സന്ദർശക വിസക്കാർക്ക് പുറമെ റസിഡന്‍റ് വിസയിൽ യു.എ.ഇ അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് പോകുന്നവർക്കും മെഡിക്കൽ പരിശോധന ആവശ്യമില്ല. പുതിയ വിസ നടപടികളുടെ സമയത്ത് യു.എ.ഇയിലെ ലാബുകളിലാണ് പരിശോധന നടത്തേണ്ടത്.
എന്നാൽ, സൗദിയിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്ക് കേരളത്തിൽ നിന്ന് മെഡിക്കൽ ആവശ്യമാണ്. പുതിയ യാത്രക്കാരുടെ പരിചയക്കുറവ് മുതലെടുത്താണ് തട്ടിപ്പ് അരങ്ങേറുന്നത്. കടം വാങ്ങിയും പണയം വെച്ചുമാണ് പലരും ഗൾഫിലേക്ക് ആദ്യ യാത്രക്കിറങ്ങുന്നത്. ഇത്തരക്കാരെയാണ് വ്യാജ ഏജന്‍റുമാർ തട്ടിപ്പിന് വിധേയരാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.