ദുബൈ ഗ്ലോബൽ വില്ലേജിൽ സന്ദർശകപ്രവാഹം
text_fieldsദുബൈ: എമിറേറ്റിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് രാവിൽ സന്ദർശക പ്രവാഹം. വൈകീട്ടോടെതന്നെ പ്രദർശന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. സാന്റാ തൊപ്പിയും ധരിച്ച് കുട്ടികളും മുതിർന്നവരും കുടുംബമായാണ് ആഘോഷത്തിനെത്തിയത്. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും ഭക്ഷണശാലകളിലുമാണ് ഏറ്റവും തിരക്കുണ്ടായിരുന്നത്. മേള നഗരിയുടെ മധ്യത്തിൽ സ്ഥാപിച്ച കൂറ്റൻ ക്രിസ്മസ് ട്രീ കാണാനും സമീപത്തുനിന്ന് ഫോട്ടോയെടുക്കാനും നിരവധിയാളുകൾ എത്തുന്നുണ്ട്.
ഷോപ്പിങ്ങും വിനോദങ്ങളും ഭക്ഷണശാലകളും എല്ലാം ഒരുമിച്ചുവരുന്നതും കുറഞ്ഞ പ്രവേശന ടിക്കറ്റ് നിരക്കുമാണ് ആഘോഷത്തിന് ഗ്ലോബൽ വില്ലേജ് തെരഞ്ഞെടുക്കാൻ കാരണമെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു. പ്രത്യേക പരിപാടികൾ മുഖ്യവേദിയിൽ ഒരുക്കിയിരുന്നു. അവധിദിനവും ആഘോഷവും ഒരുമിച്ചുവന്നതും സന്ദർശകർ വർധിക്കുന്നതിന് കാരണമായി.
പുതുവത്സര രാവിലും വിപുലമായ പരിപാടികളാണ് നടന്നത്. രാത്രി എട്ടിനാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുക. ഫിലിപ്പീൻസിൽ പുതുവർഷം പിറക്കുന്ന ഈ സമയത്ത് പ്രധാനവേദിയിൽ ആഘോഷാരവങ്ങൾ ഉയരും. ഒമ്പതിന് തായ് ലൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവത്സര പിറവികൾ ക്രമപ്രകാരം ആഘോഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.