ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശക ഒഴുക്ക്
text_fieldsദുബൈ: വൈവിധ്യം നിറഞ്ഞ ലോകത്തിന്റെ ചെറുപതിപ്പായ ഗ്ലോബൽ വില്ലേജ് കാണാനായി ആദ്യദിനങ്ങളിൽ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് ഭീതി പൂർണമായി മാറിയ സാഹചര്യത്തിൽ കുട്ടികളും കുടുംബങ്ങളുമായാണ് നിരവധിപേർ എത്തിച്ചേർന്നത്. മേളയുടെ 27ാം സീസണിന്റെ ആദ്യദിവസത്തിൽ പുത്തൻ കാഴ്ചകളൊരുക്കിയാണ് 'ആഗോളഗ്രാമം' സന്ദർശകരെ സ്വാഗതം ചെയ്തത്. ഏഷ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ കാണാവുന്ന റോഡ് ഓഫ് ഏഷ്യ ഇത്തവണത്തെ പ്രത്യേകതയാണ്. ഒമാനും ഖത്തറും ഇക്കുറി പുതിയ പവലിയൻ ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്. ഇന്ത്യൻ പവലിയനും മോടികൂട്ടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ടാക്സികൾ ഇത്തവണത്തെ പ്രധാന കൗതുകമാണ്.
കൊളംബിയയിൽനിന്നുള്ള സംഗീത സംഘത്തിന്റെ ഗംഭീര പ്രകടനത്തോടെയാണ് ആദ്യ ദിവസമായ ചൊവ്വാഴ്ച ആദ്യ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. അതിശയിപ്പിക്കുന്ന വെടിക്കെട്ടും ഒരുക്കിയിരുന്നു. ആദ്യ ദിവസത്തിൽത്തന്നെ റെക്കോഡ് എണ്ണം സന്ദർശകരാണ് മേളയിലേക്ക് എത്തിച്ചേർന്നതെന്ന് അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 90 സംസ്കാരങ്ങൾ പവലിയനുകൾ പരിചയപ്പെടുത്തുന്നുണ്ട്. 3,500 ഷോപ്പിങ് ഔട്ലെറ്റുകൾ, 250ലേറെ ഭക്ഷണശാലകൾ, വിനോദ പരിപാടികൾ എന്നിവയടക്കം നിരവധി ആകർഷണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഏപ്രിൽ വരെ ആറുമാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസണിലേക്ക് പ്രവേശനത്തിന് 20 ദിർഹമാണ് ടിക്കറ്റിന് കുറഞ്ഞ നിരക്ക്. ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റെടുക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. കഴിഞ്ഞ സീസണിൽ ഇവിടെ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു.
കോവിഡാനന്തരം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ. ഇത്തവണ കഴിഞ്ഞ വർഷത്തെ മറികടക്കുംവിധം അതിഥികളെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.