സന്ദർശകർ ഒഴുകിയെത്തി; വാദി ഷീസിൽ ഗതാഗതക്കുരുക്ക്
text_fieldsഷാർജ: ഷാർജയുടെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞതും ഏഴഴക് നിറഞ്ഞതുമായ വാദി ഷീസിലേക്ക് അവധി ദിനമായ വെള്ളിയാഴ്ച സന്ദർശകർ ഒഴുകിയെത്തിയപ്പോൾ പ്രദേശം ഗതാഗത കുരുക്കിലമർന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത ഷീസ് ഉദ്യാനത്തിലെ പൂക്കളുടെ പാട്ട് ആസ്വദിക്കാനാണ് ജനസാഗരം ഇരമ്പിയെത്തിയത്. മറ്റ് എമിറേറ്റുകളിൽനിന്ന് ആളുകളെത്തുകയും ചെറിയ അപകടം ഉണ്ടാവുകയും ചെയ്തതോടെയാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായത്.
നിരവധി പുതുമകളാണ് ഹജർ മലനിരകൾക്കിടയിലെ ഈ മലർവാടിയിൽ ഒരുക്കിയിരിക്കുന്നത്. താഴത്തെ ഉദ്യാനത്തിൽനിന്ന് മുകളിലെ പുഷ്പവാടിയിലേക്ക് കരിങ്കല്ലിൽ തീർത്ത പടവുകൾ കയറണം. ഓരോ കൽപടവിലും ഒരായിരം ഓർമകളുമായി ഷീസ് അകലേക്ക് നോക്കിയിരിക്കുന്നതു കാണാം. ഒരുഭാഗത്ത് ഫുജൈറയും മറുഭാഗത്ത് ഒമാൻ പ്രവിശ്യയായ മദ്ഹയും കാർഷിക സമൃദ്ധിയുടെ വെഞ്ചാമരം വീശി ഷീസിെൻറ അഴകിലലിയുന്നു.
ശരത്കാല മേഘങ്ങൾ മരുഭൂമിയെ കുളിരണിയിച്ചതോടെയാണ് സന്ദർശകരുടെ നിലക്കാത്ത ഒഴുക്കിലേക്ക് ഷീസ് താണിറങ്ങിവന്നത്. ചെങ്കുത്തായി കിടന്നിരുന്ന റോഡുകൾക്ക് വീതി കൂട്ടിയിട്ടുണ്ട്. ഷീസിലെ കൊച്ചങ്ങാടിയിൽ തിരക്ക് കൂടിയിരിക്കുന്നു. പുതിയ ഖോർഫക്കാൻ റോഡിലെ തുരങ്ക പാതക്ക് മുമ്പാണ് ഷീസിലേക്കുള്ള റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.