ദുബൈ പൊലീസ് മ്യൂസിയത്തിൽ സന്ദർശകർ വർധിച്ചു
text_fieldsദുബൈ: പൊലീസ് സേനയുടെ നേട്ടങ്ങൾ ജനങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കാൻ നിർമിച്ച ദുബൈ പൊലീസ് മ്യൂസിയത്തിൽ കഴിഞ്ഞ വർഷം സന്ദർശകർ വർധിച്ചു. 2022ൽ ആകെ 4476 പേർ പൊലീസിന്റെ പ്രവർത്തനങ്ങൾ അറിയാൻ മ്യൂസിയം സന്ദർശിച്ചു. ഇവരിൽ 3139 പേർ വെർച്വൽ സന്ദർശനമാണ് തിരഞ്ഞെടുത്തത്. ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ഇവർ മ്യൂസിയക്കാഴ്ചകൾ കണ്ടത്. മുൻ വർഷത്തേക്കാൾ കഴിഞ്ഞ തവണ 20 ശതമാനം സന്ദർശകരുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ദുബൈ സാംസ്കാരിക വകുപ്പായ ദുബൈ കൾചർ അംഗീകാരം ലഭിച്ച ആദ്യ കോർപറേറ്റ് മ്യൂസിയമാണ് പൊലീസ് മ്യൂസിയം. ദുബൈ പൊലീസിന്റെ ചരിത്രവും വിവിധ നേട്ടങ്ങളുമാണ് ഇതിൽ വിശദീകരിക്കുന്നത്. മ്യൂസിയത്തിൽ സന്ദർശകർ വർധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ദുബൈ പൊലീസ് സ്മാർട്ട് ആപ്, മ്യൂസിയം കൂടുതൽ പേരിലേക്ക് എത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നും പ്രവർത്തനം മെച്ചപ്പെടുത്താൻ സ്ഥിരമായി പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസ് ജനറൽ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പൊലീസ് മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.