കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പരമ്പര ഷാർജയിൽ
text_fieldsഷാർജ: കാഴ്ചപരിമിതര്‍ക്കുള്ള ത്രികോണ ക്രിക്കറ്റ് പരമ്പര ഞായറാഴ്ച മുതൽ 19വരെ ഷാര്‍ജ സ്കൈലൈന്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ നടക്കും. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് ടീമുകള്‍ പങ്കെടുക്കും.
ഐ.പി.എയുടെ ആഭിമുഖ്യത്തിൽ ഭീമാ ജൂവലേഴ്സും കോസ്മോസ് സ്പോർട്സും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയിലുടനീളം ബ്ലൈന്‍ഡ് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ബോധവത്കരണത്തിനും ലക്ഷ്യമിട്ടാണ് മത്സരം നടത്തുന്നതെന്ന് സംഘാടക സമിതിക്കുവേണ്ടി ചെയര്മാന് ഇ.കെ. രാധാകൃഷ്ണന്, കോ-ചെയര്മാന് എ.കെ. ഫൈസല്‍, ജനറൽ സെക്രട്ടറി യു. നാഗരാജ റാവു, ഐ.പി.എ ചെയര്മാന് വി.കെ. ഷംസുദ്ദീന് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും. ആറ് ലീഗ് മത്സരങ്ങളാണുള്ളത്. ടീമുകള്‍ നാളെ യു.എ.ഇയിലെത്തും. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ (സി.എ.ബി.ഐ) പേരിൽ സംഘാടക സമിതി യു.എ.ഇയില്‍ രൂപവത്കരിച്ചാണ് മത്സരം ഒരുക്കുന്നത്.
വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് (ഡബ്ല്യൂ.ബി.സി) ലിമിറ്റഡിനു കീഴില്‍ യു.എ.ഇയില്‍ ഭാവിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം രൂപവത്കരിക്കാന്‍ ഈ ടൂര്‍ണമെന്റ് സഹായിക്കും. ഇന്ത്യയില്‍ അന്ധരുടെ ക്രിക്കറ്റ് നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അപെക്സ് ബോഡിയാണ് സി.എ.ബി.ഐ. കൂടാതെ, 24 സംസ്ഥാന അസോസിയേഷനുകളും 25,000ത്തിലധികം കളിക്കാരും ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തുവരുന്നു. കാഴ്ചവൈകല്യമുള്ളവരുടെ ശാക്തീകരണത്തിന് ക്രിക്കറ്റ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ജീവകാരുണ്യപരമായ ഈ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ സുമനസ്സുകളും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യർഥിച്ചു. സി.എ.ബി.ഐ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റി, ജനറൽ സെക്രട്ടറിയും ഡബ്ല്യൂ.ബി.സി ഗ്ലോബല്‍ ഡെവലപ്മെന്റ് ഡയറക്ടറുമായ ജോണ്‍ ഡേവിഡ്, സംഘാടക സമിതി ട്രഷറര്‍ കീര്‍ത്തി കോതിയ, ജമാദ് ഉസ്മാൻ, ഇസ്മായിൽ റജബ്, തൻഹ നിയാസ് അൽനൂർ ക്ലിനിക്, ജാസിം ഫൈസൽ, ഐ.പി.എ പ്രതിനിധികളായ മുനീർ അൽവഫാ, സി.എ. ശിഹാബ് തങ്ങൾ, റഫീഖ് അൽ മായാർ തുടങ്ങിയവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.