ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി വി.പി.എസ്
text_fieldsദുബൈ: ആറുവർഷത്തിന് ശേഷം യു.എ.ഇയിൽ വിരുന്നെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി വി.പി.എസ് ഹെൽത്ത് കെയറിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു.ഐ.പി.എല്ലിെൻറ കോവിഡ് പരിശോധന ഏജൻസിയായി വി.പി.എസിനെ നിയമിച്ചതിനു പിന്നാലെയാണ് ടൂർണമെൻറിെൻറ മുഴുവൻ മെഡിക്കൽ കാര്യങ്ങളുടെയും ഉത്തരവാദിത്തവും ഗ്രൂപ്പിന് നൽകുന്നത്.
കളിക്കാർക്കും ഫ്രാൈഞ്ചസികളുടെ ജീവനക്കാർക്കും ഒഫീഷ്യലുകൾക്കുമുള്ള മെഡിക്കൽ സേവനങ്ങൾ വി.പി.എസ് ഹെൽത്ത്കെയർ ലഭ്യമാക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, മസ്‌കുലോസ്‌കെലറ്റൽ ഇമേജിങ്, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ, ആശുപത്രികളിൽ കിടത്തി ചികിത്സ, എയർ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും.
ടൂർണമെൻറുമായി ബന്ധമുള്ളവർ കോവിഡ് പോസിറ്റിവ് ആയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങളിൽ മെഡിക്കൽ സേവനങ്ങൾ നൽകാനുള്ള ചുമതലയും ഗ്രൂപ്പിനായിരിക്കും. ടൂർണമെൻറിനിടെ 20,000 കോവിഡ് പരിശോധനകൾ നടത്തും. ഐ.പി.എല്ലിനാവശ്യമായ സമഗ്ര മെഡിക്കൽ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് ആശുപത്രികളും മെഡിക്കൽ വിദഗ്ധരും സജ്ജമായിക്കഴിഞ്ഞെന്ന് വി.പി.എസ് ഹെൽത്ത്കെയർ ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് സി.ഇ.ഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. ടൂർണമെൻറ് അവസാനിച്ച് കളിക്കാരും ഒഫീഷ്യലുകളും മടങ്ങുന്നതുവരെ അവരുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും വി.പി.എസ് സംഘത്തിെൻറ മേൽനോട്ടമുണ്ടായിരിക്കും.
മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടെയും അനുഭവസമ്പന്നരായ മെഡിക്കൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇത് നടപ്പാക്കാനാകുമെന്ന പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഐ.പി.എൽ സേവനങ്ങൾക്കായി വി.പി.എസിെൻറ പ്രധാന ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ വിദഗ്ധരും സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റുകളും കോവിഡ് മാനേജ്‌മെൻറിൽ അനുഭവപരിചയമുള്ളവരുമടങ്ങുന്ന പ്രത്യേക സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.അബൂദബി ബുർജീൽ മെഡിക്കൽ സിറ്റിയും ഷാർജയിലെ ബുർജീൽ സ്പെഷാലിറ്റി ആശുപത്രിയും ഐ.പി.എല്ലുമായി ബന്ധപ്പെട്ട പ്രത്യേക കേന്ദ്രങ്ങളായി പ്രവർത്തിക്കും.
ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട കളിക്കാരെ അബൂദബിയിലോ ദുബൈയിലോ ഷാർജയിലോ ഉള്ള വി.പി.എസ് ആശുപത്രികളിൽ എത്തിക്കും. മെഡിക്കൽ ആംബുലൻസ് ലാൻഡ്ചെയ്യാനായി ഹെലിപാഡ് സൗകര്യമുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് അബൂദബിയിലെ മത്സര വേദിയിൽനിന്നും കളിക്കാരുടെ താമസസ്ഥലത്തുനിന്നും വേഗത്തിൽ എത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.