വാദി നഖ്ബി തടയണ-ജലസംഭരണി നിര്‍മാണ പുരോഗതി വിലയിരുത്തി
text_fieldsറാസല്‍ഖൈമ: മഴക്കെടുതി മുന്നില്‍കണ്ട് നിശ്ചിത മേഖലകളിൽ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും വേഗത്തിലാക്കി റാസല്‍ഖൈമ. കഴിഞ്ഞ വര്‍ഷത്തെ മഴ വാദി നഖ്ബി പ്രദേശത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അധികൃതരെത്തി പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. നിര്‍മാണം നടക്കുന്ന വാദി നഖ്ബി തടയണ പ്രദേശം സന്ദര്‍ശിച്ച റാക് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ജനങ്ങളുടെ സുരക്ഷക്ക് വലിയ മുന്‍ഗണനയാണ് രാജ്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാദി നഖ്ബി തടയണയുടെ നിര്‍മാണ പ്രവൃത്തികള്‍ കുറ്റമറ്റ രീതിയിലാണ് പുരോഗമിക്കുന്നത്. ഈ മേഖലയിലെ ജലസംഭരണി പദ്ധതി സ്ഥലവും അലി അബ്ദുല്ലയും ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. പ്രാദേശിക- ദേശീയ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനങ്ങളെ റാക് ദുരന്ത നിവാരണ അതോറിറ്റി സംഘം പ്രശംസിച്ചു. മഴക്കാലത്ത് താഴ്വരകളോടനുബന്ധിച്ച പാതകള്‍ വഴിതിരിച്ചുവിടുന്നതുള്പ്പെടെ സാധ്യമായ സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കും. പ്രദേശവാസികളുടെയും സമീപ പ്രദേശങ്ങളുടെയും ജീവനും സ്വത്തുവകകള്‍ക്കും സുരക്ഷ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
റാക് പബ്ലിക് വര്‍ക്സ് വകുപ്പ് ഡയറക്ടര്‍ എൻജിനീയര്‍ അഹ്മദ് അല്‍ ഹമ്മാദി, മുനിസിപ്പാലിറ്റി വകുപ്പ് ഡയറക്ടര്‍ മുന്തിര് ബിന്‍ ഷുക്കര്‍ അല്‍ സാബി, റാക് ദുരന്ത നിവാരണ ടീം ഡയറക്ടര്‍ ഫലാഹ് മുഹമ്മദ് അല്‍ ഹര്‍ഷ്, നോര്‍ത്തേൺ റീജന്‍ മിനിസ്ട്രി എനര്‍ജി ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ എൻജിനീയര്‍ റാഷിദ് അല്‍ മുഹൈരി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.