വേതന സംരക്ഷണ സംവിധാനം; രജിസ്ട്രേഷൻ 100 ശതമാനത്തിലേക്ക്
text_fieldsഅബൂദബി: രാജ്യത്തെ സ്വകാര്യ മേഖലയിലെ 99 ശതമാനം തൊഴിലാളികളും വേതന സംരക്ഷണ സംവിധാനത്തിന് (ഡബ്ല്യു.പി.എസ്) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
എട്ടു സാഹചര്യങ്ങളിൽ മാത്രമാണ് രജിസ്ട്രേഷനിൽ ഇളവ്. തൊഴിലാളി വേതനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാൽ, തൊഴിലാളിക്കെതിരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് റിപ്പോർട്ട് സമർപ്പിച്ചാൽ, തൊഴിലാളി പുതുതായി നിയോഗിതനാവുകയാണെങ്കിൽ (ജോലിയിൽ കയറി 30 ദിവസം ആവുന്നതിനുമുമ്പ്), തൊഴിലാളി ശമ്പളമില്ലാത്ത അവധിയിലാണെങ്കിൽ.
യു.എ.ഇ പൗരന്മാരുടെ മത്സ്യബന്ധന ബോട്ടുകൾ, യു.എ.ഇ പൗരന്മാർ ഉടമകളായ ടാക്സികൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നീ നാലിടങ്ങളിലെ ജീവനക്കാർ എന്നീ സാഹചര്യങ്ങളിലാണ് ഇളവുള്ളത്. തൊഴിലാളികൾക്ക് യഥാസമയം ശമ്പളം ഉറപ്പുവരുത്തുന്നതിനായാണ് മന്ത്രാലയം യു.എ.ഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് 2009 മുതൽ വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം നൽകുന്ന വിവരങ്ങളുടെ ഡേറ്റാബേസ് മന്ത്രാലയത്തിന് നിർമിക്കാൻ അനുമതി നൽകുന്ന സാങ്കേതികവിദ്യയാണ് ഇതിനായി വികസിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ തൊഴിലാളികൾക്ക് യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാവും.
ബാങ്കുകൾ, ധനവിനിമയ സ്ഥാപനങ്ങൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് കമ്പനികൾ വേതനം നൽകേണ്ടത്. ശമ്പളം നൽകേണ്ട സമയം ആകുമ്പോഴേക്കും ഡബ്ല്യു.പി.എസ് ഉപയോഗിച്ച് മന്ത്രാലയം സ്ഥാപനങ്ങളുമായി ഫോളോ അപ് നടത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.
സമയ പരിധി കഴിഞ്ഞ് 17 ദിവസമായിട്ടും ശമ്പളം നൽകിയില്ലെങ്കിൽ മന്ത്രാലയം സ്ഥാപനത്തിന് പുതുതായി വർക്ക് പെർമിറ്റ് അനുവദിക്കില്ല.
അമ്പതിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ വേതന വിതരണ സംവിധാനം ഡിജിറ്റലായി നിരീക്ഷിക്കുകയും സ്ഥാപനം ഇത്തരം രീതി തുടരുന്നില്ലായെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് 45 മാസമായിട്ടും നിയമം പാലിക്കുന്നില്ലെങ്കിൽ വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കും. നിയമനടപടികളിലേക്ക് കടക്കുകയും തൊഴിലാളി ഒന്നിന് 1000 ദിർഹം വീതവും പരമാവധി 20,000 ദിർഹം വീതവും പിഴ ചുമത്തുകയും ചെയ്യും.
തൊഴിലുമായി ബന്ധപ്പെട്ട പരാതികളോ നിയമപരമായ സംശയങ്ങളോ ഉണ്ടെങ്കിൽ മന്ത്രാലയത്തിനു കീഴിലെ ലേബർ കൗൺസലിങ് ആൻഡ് ക്ലെയിംസ് കേന്ദ്രത്തെ 80084 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
വെബ്സൈറ്റ് മുഖേനയോ സ്മാർട്ട് ആപ്ലിക്കേഷനുകൾ മുഖേനയോ ഓഫിസിൽ നേരിട്ടെത്തി മന്ത്രാലയവുമായും ബന്ധപ്പെടാം. തൊഴിലാളികളോ അവരുടെ അവകാശികളോ സമർപ്പിക്കുന്ന നിയമവ്യവഹാരങ്ങളിലൂടെ ലഭിക്കേണ്ട തുക ഒരുലക്ഷം ദിർഹത്തിൽ കൂടാത്തതാണെങ്കിൽ കോടതി ഫീസുകൾ നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.