കാത്തിരിക്കൂ, ദുബൈയിൽ വനത്തിലൂടെ സൈക്കിളോടിക്കാം
text_fieldsദുബൈ: മരങ്ങൾ നിറഞ്ഞ വനാന്തരീക്ഷത്തിൽ മണലിലൂടെ സൈക്കിൾ ഓടിക്കുന്നത് ഇഷ്ടമാണോ? എങ്കിൽ, കാത്തിരിക്കൂ. ദുബൈയിൽ ഈ സൗകര്യം വൈകാതെ സജ്ജമാകും.
മുഷ്രിഫ് ദേശീയ പാർക്കിലാണ് 50 കിലോമീറ്റർ നീളത്തിൽ സൈക്ലിങ്ങിന് മണൽപാതയാരുങ്ങുന്നത്. നഗരഹൃദയത്തിൽ ഇതിന് മുൻകൈയെടുക്കുന്നത് ദുബൈ മുനിസിപ്പാലിറ്റിയാണ്. 70,000 മരങ്ങളുള്ള പാർക്കിൽ ചുറ്റിവളഞ്ഞാണ് ട്രാക്ക് കടന്നുപോവുക.
ലോകത്ത് മികച്ച ജീവിതസൗകര്യമുള്ള പട്ടണമായി ദുബൈയെ മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ലക്ഷ്യത്തിന് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നഗരത്തെ സൈക്കിൾ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിനനുസരിച്ചുമാണ് പദ്ധതി.
എമിറേറ്റിലെ സൈക്ലിങ് ട്രാക്ക് 2026 ഓടെ 739 കിലോമീറ്ററാക്കുന്ന പദ്ധതിയാണിത്. ദിവസം മൂവായിരത്തിലേറെ സൈക്ലിസ്റ്റുകളെ ഉൾക്കൊള്ളാൻ ട്രാക്കിന് ശേഷിയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. പാർക്കിെൻറ പ്രധാന കവാടത്തിൽനിന്ന് ആരംഭിക്കുന്ന ട്രാക്ക്, അതേസ്ഥലത്ത് തന്നെയാണ് അവസാനിക്കുക. ട്രാക്കിന് മൂന്ന് മീറ്റർ വീതിയും വേഗത്തിൽ തിരിച്ചെത്താനുള്ള പാതകളും മൂന്ന് വിശ്രമകേന്ദ്രങ്ങളും റിപ്പയർ ഷോപ്പുകളും ഉണ്ട്.
സൈക്ലിങ്ങിൽ തുടക്കക്കാരായവർക്കും ആസ്വാദ്യകരമായിരിക്കും ഇവിടത്തെ അനുഭവമെന്ന് ദാവൂദ് അൽ ഹജ്രി പറഞ്ഞു. അമച്വർ, പ്രഫഷനൽ താരങ്ങൾക്ക് മാത്രമല്ല, സാധാരണ പൗരന്മാർക്കും താമസക്കാർക്കും ഉപയോഗിക്കാനാണ് ഇത് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ ട്രാക്കിൽ മൂന്ന് ക്രോസിങ് ബ്രിഡ്ജുകൾ ഉണ്ടാകും. എന്നാൽ, പൂർത്തിയാകുന്നതോടെ ഇത് പത്തെണ്ണമാകും.
ദുബൈ സിറ്റി സെൻററിൽനിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തിൽനിന്ന് 10 കിലോമീറ്ററും അകലെ സ്ഥതി ചെയ്യുന്ന മുഷ്രിഫ് പാർക്ക്, രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമാണ്. 5.25 സ്ക്വയർ കിലോമീറ്റർ കാട് തദ്ദേശീയ ജീവികളും പച്ചപ്പും നിറഞ്ഞയിടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.