ഒസ്കയോടൊപ്പം നടക്കാം, സമ്മാനം നേടാം
text_fieldsദുബൈ ഗ്ലോബൽ വില്ലേജിലെത്തുന്നവർ ഒറ്റ സന്ദർശനത്തിൽ തന്നെ മൂന്ന് മുതൽ അഞ്ച് കിലോമീറ്ററെങ്കിലും നടക്കാറുണ്ട്. കാഴ്ചകൾ കണ്ട് രസിച്ച് നടക്കുമ്പോൾ അവർ പോലും അറിയാറില്ല നടത്തത്തിന്‍റെ ദൈർഘ്യവും ബുദ്ധിമുട്ടും. ഈ നടപ്പ് സമ്മാനമാക്കി മാറ്റിയാലോ. ഒറ്റ ദിവസം 22,000 സ്റ്റെപ്പുകൾ പിന്നിടുന്നവർക്കാണ് ഗ്ലോബൽ വില്ലേജ് സമ്മാനം നൽകുന്നത്. 'സ്റ്റെപ്പ് ചലഞ്ച് വിത്ത് ഒസാക്ക' എന്ന് പേരിട്ടിരിക്കുന്ന ചലഞ്ച് ഫെബ്രുവരി ഒമ്പത് വരെയുണ്ടാകും.
ആഗോളഗ്രാമത്തിന്റെ ഉള്ളിൽ പ്രവേശിച്ച ശേഷം ഗ്ലോബൽ വില്ലേജിന്‍റെ ആപ്പിലൂടെയാണ് ചലഞ്ചിൽ പങ്കെടുക്കേണ്ടത്. ആപ്പിലെ 'സ്റ്റെപ്പ് ചലഞ്ച് വിത്ത് ഒസ്ക' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം നടപ്പ് തുടങ്ങിയാൽ മതി. പലവിയനുകളും പാർക്കുകളും പരിപാടികളും താണ്ടി നിങ്ങൾ നടക്കുന്ന ഓരോ സ്റ്റെപ്പും ഒസ്ക എണ്ണിത്തുടങ്ങും. അർധരാത്രി 12 വരെയാണ് സമയം. 22,000 സ്റ്റെപ്പുകൾ തികച്ചാൽ ഗ്ലോബൽ വില്ലേജിലെ ഗസ്റ്റ് കെയർ സെന്‍ററിൽ എത്തണം. 1000 പേർക്കാണ് സമ്മാനം നൽകുന്നത്. സന്ദർശന പാസും ഒരു ദിവസം എല്ലാ റൈഡുകളിലും സൗജന്യമായി എത്രതവണ വേണമെങ്കിലും കയറാനുള്ള പാസുമാണ് നൽകുന്നത്. ഇവർക്കൊപ്പം വരുന്ന മൂന്ന് പേർക്ക് 200 ദിർഹമിന് അൺലിമിറ്റഡ് പാസും ലഭിക്കും.
ഗ്ലോബൽ വില്ലേജലെ സന്ദർശകരിൽ നല്ലൊരു ശതമാനവും 5,000- 10,000 സ്റ്റെപ്പെങ്കിലും ദിവസവും പിന്നിടാറുണ്ട്. ഷോപ്പിങ് ആസ്വദിച്ച് നടക്കുന്നവർ ഇതിന്‍റെ ഇരട്ടിയോളം നടക്കാറുണ്ട്. എല്ലാ പവലിയനുകളും സന്ദർശിക്കുന്നവർക്ക് 22,000 സ്റ്റെപ്പ് എന്നത് അസാധ്യമായ കാര്യമല്ല. ജനുവരി എന്നത് ഗ്ലോബൽ വില്ലേജിലെ ഷോപ്പിങ് മാസം കൂടിയാണ്. വാരാന്ത്യ അവധി ദിനങ്ങൾ മാറ്റിയതോടെ വില്ലേജിലെ സമയക്രമങ്ങളിലും ചെറിയ മാറ്റമുണ്ടായിട്ടുണ്ട്.
ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനി വരെ രാത്രി ഒരുമണി വരെയുമാണ് വില്ലേജ് തുറന്നിരിക്കുന്നത്.
ചൊവ്വാഴ്ച കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമാണ് പ്രവേശനം. നേരത്തെ ഇത് തിങ്കളാഴ്ചയായിരുന്നു. ഇനിമുതൽ നടക്കുമ്പോൾ ഒസ്കായേയും കൂടെ കൂട്ടിക്കോ, ചിലപ്പോൾ സമ്മാനം കിട്ടിയാലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.