ഇസ്ര ഹബീബ്: സഞ്ചരിക്കുന്ന എൻൈസേക്ലാപീഡിയ
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറിന്റെ പേര് ചോദിച്ചാൽ കേട്ട മാത്രയിൽ തന്നെ ആരും ഉത്തരം പറയും. ഓരോ എമിറേറ്റ്സിലെ ഭരണാധികാരികളുടെ പേരുകളും എല്ലാവർക്കും സുപരിചിതം. എന്നാൽ യു.എ.ഇ എന്ന രാജ്യം ഏഴു എമിറേറ്റുകളായി ഐക്യപ്പെട്ട് കൊടിക്കീഴിലാവുന്നതിന് മുമ്പുള്ള ഭരണാധികാരികളെ കുറിച്ച് ചോദിച്ചാൽ വർഷങ്ങളായി ഇവിടെ കഴിയുന്നവർ പോലും ഒന്ന് ആലോചിച്ചേ തുടങ്ങൂ. ഓരോ കാലത്തെയും ഭരണാധികാരികളെ വർഷക്രമത്തിൽ ചോദിച്ചാൽ ചരിത്രമറിയുന്നവർ പോലും അല്പമൊന്നു കുഴങ്ങും. എങ്കിൽ ഇത്തരം ചോദ്യങ്ങൾ കോഴിക്കോടുകാരി ഇസ്ര ഹബീബ് എന്ന് പത്തുവയസ്സുകാരിയോട് ചോദിക്കണം. ഞൊടിയിടയിൽ ഉത്തരം പറയും ഇൗ കൊച്ചുമിടുക്കി. അതും ഒറ്റശ്വാസത്തിൽ, ക്രമത്തിൽ വർഷങ്ങളുടെ കണക്ക് തെറ്റാതെ, കാലഘട്ടം വരെ വ്യക്തമാക്കി തന്നെ പറയും. പിതാവിനൊപ്പം യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ ഇസ്രയെ കണ്ടവർക്കെല്ലാം അത്ഭുതം.
തീർന്നില്ല, യു.എ.ഇക്ക് വേണ്ടി ജീവത്യാഗം ചെയ്ത അനശ്വര രക്തസാക്ഷികളുടെ പേരുകൾ ഒന്നൊഴിയാതെ പറയാനും, അറബ് ലോകത്തിന് അഭിമാനമായ ഹോബ് പേടകത്തിന് പിന്നിൽ പ്രവർത്തിച്ച 68 ശാസ്ത്രജ്ഞരുടെയും പേരുകളും ഇൗസിയായി ഒറ്റശ്വാസത്തിൽ പറയാനും ഇൗ അഞ്ചാം ക്ലാസുകാരിക്ക് കഴിയും. യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം സ്വന്തമാക്കിയവരുടെ വിവരങ്ങളും പറഞ്ഞുതരും. അതും അവരുടെ രാജ്യം തിരിച്ച് തന്നെ.
ഒരു കാര്യം ഒറ്റത്തവണ കേട്ടാൽ മതി, ഫോട്ടോപ്രിൻറ് പോലെ അപ്പോൾതന്നെ ഇസ്രയുടെ ഓർമയിൽ പതിയും, പിന്നീട് മാഞ്ഞുപോകാത്തവിധം. വിസ്മയിപ്പിക്കുന്ന ഓർമശക്തി ഇതിനകം രണ്ടായിരത്തിൽപരം വേദികളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. യു.എ.ഇ സന്ദർശനത്തിനിടെ ദുബൈ, അബൂദബി എന്നിവിടങ്ങളിൽ നിരവധി പരിപാടികളിലും ഇസ്ര പങ്കെടുത്തു. ഇതുവരെയുള്ള ഫിഫ ലോകകപ്പ് ജേതാക്കളുടെ പേരുകൾ വർഷക്രമത്തിൽ ചോദിച്ചാൽ രാജ്യങ്ങളുടെ പേരും ഓരോ ലോകകപ്പിലെയും മികച്ച താരങ്ങളുടെ പേരും പറയാനും ഇസ്ര റെഡി. ലോകകപ്പിൽ മുത്തമിട്ട നായകരുടെ പേരുകളാണെങ്കിലും തയാർ.
ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരുടെ പട്ടിക, യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ സ്ഥലങ്ങൾ, പരംവീർചക്ര നേടിയ സൈനികർ, രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാര ജേതാക്കൾ, പുലിറ്റ്സർ-ബുക്കർ-നൊബേൽ പ്രൈസ് ജേതാക്കൾ, ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയ ക്യാപ്റ്റന്മാർ, ഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾ, ദേശീയ അവാർഡ് ജേതാക്കളായ മലയാളി സിനിമാതാരങ്ങൾ ... ഇങ്ങനെ നീളുന്നു ഒരാളെയുംപോലും വിട്ടുപോകാതെയുള്ള ഇസ്രക്കുട്ടിയുടെ ഉത്തരങ്ങൾ. മാത്രമല്ല, ആവിയന്ത്രവും അച്ചടിയന്ത്രവും ആറ്റംബോംബും കണ്ടുപിടിച്ചവർ ആരെന്ന് ചോദിച്ചാലും പിന്നാലെ വരും ശാസ്ത്രജ്ഞരുടെ പേരുകൾ. ഒപ്പം രാജ്യം അംഗീകരിച്ച ഔദ്യോഗിക ഭാഷകളും ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ മിസൈലുകളും ഇതുവരെയുള്ള ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽമാരുമെല്ലാം ആലോചിക്കാൻ അൽപംപോലും സമയമെടുക്കാതെതന്നെ നിരനിരയായി പറയും ഇസ്ര.
ചാനൽ ഫ്ലോറുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഇസ്ര മൂന്നരവയസ്സിൽതന്നെ 110 രാജ്യങ്ങളും തലസ്ഥാനവും, ഇന്ത്യയിലെ ഇതുവരെയുള്ള പ്രസിഡൻറുമാർ, പ്രധാനമന്ത്രിമാർ, സംസ്ഥാനങ്ങളുടെ പേര്, കേരളത്തിലെ ജില്ലകൾ, മുഖ്യമന്ത്രിമാർ എന്നിവരുടെ പട്ടിക വർഷക്രമത്തിൽ ഓർത്തുപറഞ്ഞാണ് മറ്റുള്ളവർക്കു മുന്നിൽ അത്ഭുതം തീർത്തുതുടങ്ങിയത്. ഒരുതവണ കേട്ട കാര്യങ്ങൾ ഒരിക്കലും ഓർമയിൽനിന്ന് പുറത്തുപോകില്ല. ഇൗ കഴിവ് തുടക്കത്തിൽ നമ്മളെയും ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട് -പിതാവ് ഹബീബ് പറയുന്നു. ഇതോടെയാണ് ഹബീബും ഭാര്യ പ്രസീനയും പുതിയ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ തുടങ്ങിയത്.
ബാലാവകാശ കമീഷെൻറ അംഗീകാരം ഇസ്രയെ തേടിയെത്തിയിട്ടുണ്ട്. മാന്ത്രികൻ ഗോപിനാഥ് മുതുകാടും നല്ല പ്രോത്സാഹനം നൽകി. വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികളെ നേരിട്ട് കാണണമെന്നതാണ് ഇസ്രയുടെ വലിയൊരു ആഗ്രഹം. ഒപ്പം യു.എ.ഇയിലുള്ള പിതാവിന് മികച്ചൊരു ജോലി ലഭിക്കണമെന്നും ഇസ്ര പറയുന്നു. അങ്ങനെ വന്നാൽ തനിക്കും ഉമ്മക്കും ഇക്കാക്കക്കും ദുബൈയിൽ വന്ന് കഴിയാമല്ലോ എന്നതാണ് ഇൗ കൊച്ചുമിടുക്കി ചിന്തിക്കുന്നത്. അതിനുള്ള പ്രാർഥനയിലാണ് ഇസ്ര. പരിശുദ്ധ റമദാനിലെ പ്രാർഥനക്ക് ഫലമുണ്ടാകുമെന്ന് തന്നെയാണ് ഇസ്രയും കുടുംബവും കരുതുന്നത്. കാരണം അത്രയധികം യു.എ.ഇ എന്ന രാജ്യത്തെ സ്നേഹിക്കുന്നുണ്ട് ഇസ്ര എന്ന ഇൗ അത്ഭുതബാലിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.