കോവിഡ് പോസിറ്റിവാണോ? 60 സെക്കൻഡിനകം ഫലമറിയാം
text_fieldsദുബൈ: കോവിഡ് ബാധിതരാണോ എന്നറിയാൻ വലിയ ടെസ്റ്റുകൾ നടത്തി മണിക്കൂറുകളോളം ഇനി കാത്തിരിക്കേണ്ടി വരില്ല. മൂക്കിൽ കുത്തി വേദന സഹിച്ച് സ്രവമെടുത്ത് പരിശോധിക്കുന്ന പതിവുരീതികൾക്കെല്ലാം ഉടൻ മാറ്റം വന്നേക്കും. ശ്വസന പരിശോധന വഴി വെറും 60 സെക്കൻഡുകൾക്കുള്ളിൽ കോവിഡ് ഫലം അറിയാനുള്ള പുതുസാങ്കേതികവിദ്യ ദുബൈയിൽ പുരോഗമിക്കുകയാണ്.മുഹമ്മദ് ബിൻ റാഷിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബൈ ഹെൽത്ത് അതോറിറ്റി, ടെസ്റ്റ് വികസിപ്പിച്ച കമ്പനിയായ ബ്രീത്തോണിക്സ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ പരിശോധന രീതിയുടെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള സ്പിൻ-ഓഫ് കമ്പനിയായ ബ്രീത്തോണിക്സ് മുമ്പ് സിംഗപ്പൂരിൽ 180 രോഗികളെ ഉൾപ്പെടുത്തി ഒരു പൈലറ്റ് പഠനം നടത്തിയിരുന്നു.
പരിശോധനയിൽ 93 ശതമാനം സംവേദനക്ഷമതയും 95 ശതമാനം അസാധാരണത്വവും കണ്ടെത്തിയിരുന്നു. പരിശോധനയുടെ കൃത്യത നിർണയിക്കാനായി നാദ് അൽ ഹമാർ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രത്തിലെ 2500 രോഗികൾക്ക് ദ്രുത പരിശോധന നടത്തും.
സാങ്കേതികവിദ്യ വളരെ പ്രതീക്ഷ നൽകുന്നതാണെന്നും ദ്രുതഗതിയിലുള്ള രോഗനിർണയം സാധ്യമാകുന്നതോടെ വൈറസിനെതിരായ ആഗോള പോരാട്ടത്തിെൻറ മുഖം തന്നെ മാറുന്ന തരത്തിലുള്ള വിപ്ലവത്തിനായിരിക്കും തുടക്കം കുറിക്കാനാവുകയെന്ന് ഡി.എച്ച്.എയിലെ പാത്തോളജി ആൻഡ് ജനിറ്റിക്സ് ഡയറക്ടർ ഡോ. ഹുസൈൻ അൽ സംത് പറഞ്ഞു. പ്രാദേശിക ലാബുകളിൽ പ്രോസസ്സ് ചെയ്യുന്നതിന് 48 മണിക്കൂർ വരെ എടുക്കുന്ന പി.സി.ആർ പോലുള്ള നിലവിലെ രീതികൾക്ക് പകരം വളരെ വേഗത്തിൽ രോഗനിർണയം സാധ്യമാകും. ശ്വസന പരിശോധന അംഗീകരിക്കപ്പെട്ടാൽ ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിൽ മാസ് സ്ക്രീനിങ്ങിന് കാര്യക്ഷമത വർധിപ്പിക്കാനും വൈറസ് മറ്റുള്ളവരിലേക്ക് പടരും മുമ്പ് പോസിറ്റിവ് കേസുകൾ വേഗത്തിൽ ഒറ്റപ്പെടുത്തുന്നതിനും അധികാരികളെ സഹായിക്കും -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.