ഫ്രാൻസിൽ ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണം
text_fieldsഅബൂദബി: അധികാരമേറ്റശേഷം ആദ്യ വിദേശരാജ്യ സന്ദർശനത്തിന് ഫ്രാൻസിലെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് പാരിസിൽ ഊഷ്മള സ്വീകരണം. എലീസി കൊട്ടാര മുറ്റത്ത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പാരിസിൽ വിമാനമിറങ്ങിയശേഷം നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ശവകുടീരമുള്ള സൈനിക മ്യൂസിയമാണ് ശൈഖ് മുഹമ്മദ് ആദ്യം സന്ദർശിച്ചത്. ഇവിടെ ഫ്രഞ്ച് റിപ്പബ്ലിക്കൻ ഗാർഡ് അംഗങ്ങൾക്കൊപ്പം സായുധസേന മന്ത്രി സെബാസ്റ്റ്യൻ ലെകോർനിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയിരുന്നത്. തുടർന്നാണ് എലീസി കൊട്ടാരത്തിലേക്ക് യാത്രചെയ്തത്.
യു.എ.ഇയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായ ഫ്രാൻസിൽ എത്തിച്ചേർന്നതിലും പ്രസിഡൻറ് മാക്രോണുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിലും വലിയ ആഹ്ലാദമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പല മേഖലകളിലും ദീർഘകാല പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും സമൃദ്ധമായ ഭാവിയിലേക്ക് കൂടുതൽ സഹകരണവും ശക്തമായ ബന്ധവും വരുംകാലത്ത് പ്രതീക്ഷിക്കുന്നുവെന്നും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി കുറിച്ച ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻറ് പദവിയിലെത്തിയശേഷം ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഫ്രാൻസിനെ തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലെ ദൃഢബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഊർജമേഖലയിലടക്കം വിവിധ കരാറുകൾ രണ്ടുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഒപ്പുവെക്കും. ഫ്രഞ്ച്-ഇമാറാത്തി ബിസിനസ് കൗൺസിലിന്റെ രൂപവത്കരണവും ഇതോടനുബന്ധിച്ച് നടക്കും. പ്രധാനമന്ത്രി എലിസബത്ത് ബോൺ, നാഷനൽ അസംബ്ലി പ്രസിഡൻറ് യാൽ ബ്രൗൺ പിവറ്റ് എന്നിവരുൾപ്പെടെ ഉന്നത ഫ്രഞ്ച് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
മുൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തെ തുടർന്ന് അനുശോചനം അറിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് മേയിൽ അബൂദബിയിൽ ഹ്രസ്വ സന്ദർശനം നടത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.