പ്ലാസ്റ്റിക്കിൽനിന്ന് കൂറ്റൻ ‘തിമിംഗല’മൊരുക്കി ജലദിനാചരണം
text_fieldsദുബൈ: ലോക ജലദിനത്തിൽ അൽ മംസാർ കോർണിഷ് ബീച്ചിൽ പരിസ്ഥിതി ബോധവത്കരണം സംഘടിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കുകയും കൂറ്റൻ തിമിംഗലത്തിന്റെ രൂപം പ്രദർശിപ്പിക്കുകയും ചെയ്തു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിച്ച് നിർമിച്ച തിമിംഗലത്തിന് 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്. ‘ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമുണ്ടാക്കൂ’ എന്ന തലക്കെട്ടിലാണ് പരിപാടിയൊരുക്കിയത്.
പരിസ്ഥിതി സുസ്ഥിരത പാലിക്കുന്നതിന് പ്രകൃതിവിഭവങ്ങളും വസ്തുക്കളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാനാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിൽ ഉൾപ്പെടുത്തിയാണ് ചടങ്ങ് ഒരുക്കിയത്.
പ്രാദേശികമായും ആഗോളതലത്തിലും അനുഭവപ്പെടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരം ഒരാശയം രൂപപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. കടൽ മലിനീകരണം കാരണമായി തിമിംഗലങ്ങൾ അടക്കമുള്ള സമുദ്രജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലും കരയിലും സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ജലദിനത്തിൽ ബോധവത്കരണത്തിന് തിരഞ്ഞെടുത്ത്. എല്ലാ വർഷവും മാർച്ച് 22നാണ് ആഗോള തലത്തിൽ ലോക ജലദിനം ആചരിക്കുന്നത്. 2023ലെ ലോക ജലദിനം ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിനാണ് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.