ജലദൗർലഭ്യം: പരിഹാര പദ്ധതിയുമായി യു.എ.ഇ
text_fieldsദുബൈ: ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ 15 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്ന പേരിലാണ് പദ്ധതി. ഇതിന്റെ ചെയർമാനായി യു.എ ഇ വിദേശകാര്യമന്ത്രിയെ നിയമിച്ചു. ലോകമൊട്ടുക്ക് നേരിടുന്ന ജല ദൗർലഭ്യത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് പ്രഖ്യാപിച്ചത്. ജലക്ഷാമത്തെ കുറിച്ച് ബോധവൽകരണം ശക്തമാക്കുക, ജലക്ഷാമം ഉയർത്തുന്ന വെല്ലുവിളികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേരിടാനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുക, ഈരംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിലൂടെ ഭാവി തലമുറക്കായി പ്രതിസന്ധി പരിഹാര സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ഖൽദൂൻ ഖലീഫ അൽ മുബാറക്കാണ് വൈസ് ചെയർമാൻ. വിവിധ മന്ത്രിമാരെയും ഗവേഷണ സ്ഥാപന മേധാവികളെയും പദ്ധതിയുടെ ബോർഡംഗങ്ങളായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആഗോള ജലക്ഷാമത്തെ കുറിച് ബോധവത്കരണം ലക്ഷ്യമിട്ട് അമേരിക്കയിലെ എസ്പ്രൈസ് ഫൗണ്ടേഷനുമായി സഹകരിച്ച് എക്സ്പ്രൈസ് വാട്ടർ സ്കേർസിറ്റി മത്സരം നടത്തും. 11.9 കോടിയാണ് സമ്മാനത്തുക. അഞ്ചു വർഷത്തിനുള്ളിൽ സുസ്ഥിരവും താങ്ങാവുന്ന ചെലവിലുള്ളതുമായ കടൽജലശുദ്ധീകരണ സംവിധാനങ്ങൾ സൃഷ്ടിച്ച് ആഗോളതലത്തിൽ ശുദ്ധജലം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ലോകമെമ്പാടുമുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. അബൂദബി ഖാലിദിയയിലെ നിഖാ ബിൻ അതീഫ് വാട്ടർ ടാങ്ക് ആൻഡ് പാർക്കിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.