ജലസുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ വെള്ളംകുടി മുട്ടും
text_fieldsഭക്ഷ്യ സുരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുദ്ധജലം. ഭക്ഷ്യസ്ഥാപനത്തിൽ ഉപയോഗിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകും. ജലത്തിെൻറ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉറവിടം, സംഭരണം, ശുദ്ധീകരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങളുണ്ട്. ഇവ പാലിച്ചില്ലെങ്കിൽ അധികൃതരുടെ നടപടി നേരിടേണ്ടി വരും.
ദുബൈയിലെ സ്ഥാപനങ്ങൾക്കായി മുനിസിപ്പാലിറ്റി നൽകുന്ന നിർദേശങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ജലത്തിെൻറ ഉറവിടം
•എല്ലാ ഭക്ഷ്യോൽപാദന സ്ഥാപനങ്ങളിലും ഭക്ഷണം തയാറാക്കുന്നതിനും വൃത്തിയാക്കുന്നതിനും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കേണ്ടത് നിർബന്ധമാണ്. ഭക്ഷണവും ഭക്ഷ്യോൽപന്നങ്ങളും സംഭരിക്കുകയോ പ്രോസസ് ചെയ്യുകയോ പാക്കേജ് ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.
•ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള ജല സ്രോതസ്സിൽനിന്നുള്ള വെള്ളം മാത്രമെ ഉപയോഗിക്കാവൂ. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെയോ (ദീവ) മറ്റ് ഔദ്യോഗിക വകുപ്പുകളുടെയോ ലൈസൻസുള്ള അംഗീകൃത വാണിജ്യ വിതരണക്കാരിൽനിന്നു മാത്രമേ വെള്ളം ഉപയോഗിക്കാവൂ.
•ഉപയോഗിക്കുന്ന ജലത്തിെൻറ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ലബോറട്ടറി ടെസ്റ്റുകൾ നടത്താം. ഇ.ഐ.എ.സി അംഗീകൃത ലാബോറട്ടറികളിലാണ് പരിശോധന നടത്തേണ്ടത്.
•ഭക്ഷ്യേതര ആവശ്യങ്ങൾക്കായി കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം ഉപയോഗിക്കുന്നിടത്ത് പ്രത്യേകം മാർക്ക് ചെയ്ത ജലവിതരണസംവിധാനം ഉപയോഗിച്ചിരിക്കണം. ഉദാഹരണം: അഗ്നി നിയന്ത്രണം, സ്റ്റീം ഉൽപാദനം, ശീതീകരണം തുടങ്ങിയവ. ഇങ്ങനെയുള്ള ജല ലൈനുകൾ കുടിവെള്ളവുമായി ബന്ധിപ്പിക്കരുത്.
•ഭക്ഷണവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സ്റ്റീമിൽ ആരോഗ്യത്തിന് അപകടം പറ്റുന്നതോ ഭക്ഷണം മലിനമാക്കാൻ സാധ്യതയുള്ളതോ ആയ ഒരു പദാർഥവും അടങ്ങിയിരിക്കരുത്.
ജലസംഭരണവും വിതരണവും
•ജലസംഭരണികൾ സുരക്ഷിതവും അനുയോജ്യവുമായ ഉൽപന്നങ്ങൾകൊണ്ട് നിർമിച്ചതായിരിക്കണം. ജല-ഭക്ഷണ മലിനീകരണം തടയുന്ന വിധത്തിൽ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിരിക്കണം.
•മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു വസ്തുക്കളുടെയും പ്രവേശനം തടയാൻ ഈ ടാങ്കുകൾക്ക് ഉചിതമായ കവറുകൾ ഉണ്ടായിരിക്കണം.
•വെള്ളം സംഭരിക്കുന്ന ടാങ്കുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
•ജല സംഭരണ ടാങ്കുകൾ വൃത്തിയാക്കലും അണുമുക്തമാക്കലും വർഷത്തിൽ രണ്ടുതവണ ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അനുശാസിക്കുന്നു. ഇടക്ക് ശുചീകരിക്കേണ്ടതുണ്ടെന്ന് നമുക്ക് തോന്നിയാൽ അപ്പോഴും ചെയ്യണം. ക്ലീൻ ചെയ്തതിെൻറ റിപ്പോർട്ടുകളും സൂക്ഷിക്കണം.
•ദുബൈ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട അംഗീകൃത വാട്ടർ ടാങ്ക് ക്ലീനിങ് കമ്പനിയെയാണ് ടാങ്ക് വൃത്തിയാകുന്നതിനായി െതരഞ്ഞെടുക്കേണ്ടത്.
•മാളുകളിലേതുപോലെ ഒരു സ്റ്റോറേജ് ടാങ്ക് വിവിധ സ്ഥാപനങ്ങളാണ് പങ്കിടുന്നതെങ്കിൽ ഇതിെൻറ രേഖാമൂലമുള്ള തെളിവുകൾ മാൾ അധികൃതരിൽനിന്ന് കൈപ്പറ്റി സൂക്ഷിക്കണം.
•ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകൃത ക്ലീനിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ.
വാട്ടർ കൂളറുകളും ഡിസ്പെൻസറുകളും
•വാട്ടർ കൂളറുകൾ അനുയോജ്യമായിരിക്കണം.
•ക്ലീനിങ് സുഗമമാക്കുന്ന രീതിയിൽ രൂപകൽപന ചെയ്തതായിരിക്കണം.
•അവ സ്ഥാപിച്ച ഭാഗം ജലത്തിെൻറ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിലായിരിക്കണം.
•വാട്ടർ കൂളർ നിർമാതാവിെൻറ നിർദേശം അനുസരിച്ച് ക്ലീൻ ചെയ്ത് വൃത്തിയായി സൂക്ഷിക്കണം
വാട്ടർ ഫിൽറ്ററുകൾ
•കൂളറുകളിലും ഡിസ്പെൻസറുകളിലും ഉപയോഗിക്കുന്ന വാട്ടർ ഫിൽറ്ററുകൾ സുരക്ഷിതവും അനുയോജ്യവുമായിരിക്കണം.
•അഴുക്ക് അടിഞ്ഞുകൂടുന്നതും ബയോഫിലിമുകളുടെ രൂപവത്കരണവും തടയുന്നതിന് വാട്ടർ ഫിൽറ്ററുകൾ കൃത്യമായ ഇടവേളകളിൽ മാറ്റി പുതിയത് വെക്കണം.
•ഗുണനിലവാരം ഉള്ളതും റെഗുലേറ്ററി അപ്രൂവൽ ഉള്ളതുമായ ഫിൽറ്ററുകൾ മാത്രമേ ഉപയോഗിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.