ഹത്തയിൽ വെള്ളച്ചാട്ടം നിർമാണം പുരോഗമിക്കുന്നു
text_fieldsദുബൈ: സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മേഖലയിൽ വൻ കുതിപ്പിനൊരുങ്ങുന്ന ഹത്തയിൽ വെള്ളച്ചാട്ടം നിർമാണം പുരോഗമിക്കുന്നു. 46 ദശലക്ഷം ദിർഹം ചെലവ് വരുന്ന സുസ്ഥിര വെള്ളച്ചാട്ടമാണ് ഇവിടെ ഒരുക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാണ് പദ്ധതി പൂർത്തിയാകുകയെന്ന് അധികൃതർ അറിയിച്ചിട്ടില്ല. ഹത്ത ഡാമിന്റെ മുകൾഭാഗമാണ് വെള്ളച്ചാട്ടമാക്കി മാറ്റുന്നത്. ഈ വെള്ളം പുനരുപയോഗം ചെയ്യാൻ സംവിധാനവുമുണ്ട്. റസ്റ്റാറൻറുകൾ അടക്കമുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. നഗരത്തിന്റെ തിരക്കിൽനിന്നുമാറി വിശ്രമിക്കാനുള്ള സ്ഥലമാണ് ഇവിടെ ഒരുങ്ങുന്നത്. വിനോദ കേന്ദ്രമൊരുക്കുന്നതിനൊപ്പം പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വെള്ളച്ചാട്ടം നിർമിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും ഇവിടെയുണ്ടാകും.
ഹത്തയിലെ ആറ് വികസന പദ്ധതികളിൽ പ്രധാനമാണ് സുസ്ഥിര വെള്ളച്ചാട്ടം. കേബിൾ കാർ, സ്കൈ ബ്രിഡ്ജ്, ട്രക്കിങ് എന്നിവ ഇതിന്റെ ഭാഗമായി യാഥാർഥ്യമാകും. ഹത്ത മേഖലയുടെ തനതായ ഭൂമിശാസ്ത്രം കണക്കിലെടുത്ത് വേഗത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി 500 പേർക്ക് ജോലി ലഭിക്കും. വിസിറ്റർ സെന്ററിൽ 300 ജോലികളും സാങ്കേതിക മേഖലയിലും അഡ്മിനിസ്ട്രേഷനിലുമായി 200 ജോലികളും ലഭിക്കും. ഇവിടെ നിർമിക്കുന്ന ഹോളിഡേ ഹോംസ് വഴി 100 ദശലക്ഷം ദിർഹമിന്റെ വാർഷിക വരുമാനം പ്രദേശവാസികൾക്ക് ലഭിക്കും. ഹത്ത മേഖലയിൽ സൈക്കിൾ ട്രാക്കുകളുടേത് ഉൾപ്പെടെ ആദ്യഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഹത്ത ബസ് സ്റ്റേഷനിൽനിന്ന് ഹത്ത ഡാമിലേക്കുള്ള 11.5 കിലോമീറ്റർ സൈക്കിൾ ട്രാക്കിന്റെ നിർമാണം പൂർത്തിയായി.
മൗണ്ടെയ്ൻ ബൈക്കുകൾ ഉൾപ്പെടെയുള്ളവക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയും. നഗരത്തിലൂടെ ആറ് കിലോമീറ്റർ സൈക്ലിങ് ട്രാക്കിന്റെ നിർമാണം നടക്കുന്നുണ്ട്. 5.5 കിലോമീറ്റർ നീളമുള്ള മൗണ്ടെയ്ൻ ബൈക്ക് പാതയും നിർമിക്കും. അൽ തല്ല പാർക്കിലെയും അൽ വാദി പാർക്കിലെയും ട്രാൻസ്പോർട്ടേഷൻ സ്റ്റേഷനിൽനിന്ന് ഹത്ത ആർക്കിയോളജിക്കൽ മേഖലയിലൂടെയും വാദി ഹബിലൂടെയും കടന്നുപോകുന്ന രീതിയിലായിരിക്കും ഈ ട്രാക്ക്. ദുബൈ നഗരത്തിൽനിന്ന് ഹത്തയിലേക്ക് നേരിട്ട് ബസുകൾ സർവിസ് നടത്തും. ഇതിനു പുറമെ വാടക വാഹനങ്ങൾ, ഇ-സ്കൂട്ടറുകൾ എന്നിവയും പരിഗണനയിലുണ്ട്. ഹത്ത സൂഖിന്റെ നിർമാണവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.