മഴക്കെടുതി: വെള്ളക്കെട്ട് നീക്കുന്നത് സജീവം
text_fieldsദുബൈ: ചൊവ്വാഴ്ച പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ നീക്കുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ മിക്കതും നീക്കംചെയ്തുകഴിഞ്ഞെങ്കിലും ചില സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ശനിയാഴ്ചയും തുടരുകയാണ്.
നൂറുകണക്കിന് വാട്ടർ ടാങ്കുകളും പമ്പുകളും ഉപയോഗിച്ചാണ് വെള്ളക്കെട്ടുകൾ നീക്കിക്കൊണ്ടിരിക്കുന്നത്. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ദുബൈ മുനിസിപ്പാലിറ്റി സിവിൽ ഡിഫൻസ്, ദുബൈ പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ദുബൈ മെട്രോ സേവനങ്ങൾ ഗ്രീൻ ലൈനിൽ പൂർണമായും പുനരാരംഭിച്ചതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ദുബൈയിൽ നിന്നുള്ള വിവിധ ഇന്റർസിറ്റി ബസ് സർവിസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഷാർജയിലും അജ്മാനിലും മറ്റു എമിറേറ്റുകളിലും വെള്ളക്കെട്ടുകൾ നീക്കംചെയ്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. മിക്ക റോഡുകളിലും തടസ്സങ്ങൾ നീക്കിക്കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, ചിലയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് തുടരുകയാണ്. അധികൃതർ അതിവേഗം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഷാർജ എമിറേറ്റിന്റെ ഭാഗമായി കൽബ അടക്കമുള്ള ഉപ നഗരങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. ഇവ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു വരുകയാണ്.
ഷാർജയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. കെടുതിയുടെ ആഘാതം നിയന്ത്രിക്കുന്നതിനും എല്ലാ വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലുടനീളം സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും പരിശ്രമിച്ച സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, പൗരന്മാർ, താമസക്കാരായ സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ദുബൈയിൽ കെട്ടിടത്തിന്റെ അടിഭാഗം ഇടിഞ്ഞു; താമസക്കാരെയെല്ലാം സുരക്ഷിതരാക്കി
ദുബൈ: എമിറേറ്റിലെ മുഹൈസിനയിൽ ബഹുനില കെട്ടിടത്തിന്റെ അടിഭാഗം താഴ്ന്നതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കെട്ടിടത്തിൽ താമസിക്കുന്നവർക്ക് കുലുക്കം അനുഭവപ്പെട്ടത്. പൊലീസും സിവിൽ ഡിഫൻസുമെത്തി പത്തുനില കെട്ടിടത്തിൽനിന്ന് താമസക്കാരെ പൂർണമായും മാറ്റി സുരക്ഷിതരാക്കി. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. മലയാളികളുടെ നിരവധി സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.