വയനാട് ദുരന്തം: സർക്കാറിന് നയാപൈസ ചെലവായിട്ടില്ലെന്ന് പി.എം.എ. സലാം
text_fieldsദുബൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ 75,000 രൂപ വീതം ചെലവായെന്ന സംസ്ഥാന സർക്കാറിന്‍റെ കണക്കുകൾ ഖബറിടത്തിൽ നിന്ന് മൃതദേഹങ്ങളുടെ തുണി മാന്തി വിൽക്കുന്ന കള്ളൻമാരുടെ നടപടി പോലെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാറിന് നയാപൈസ ചെലവായിട്ടില്ല. ഉണ്ടെങ്കിൽ അതിന്‍റെ ഇൻവോയ്സ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷണവും വസ്ത്രവും മുതൽ ദുരന്ത നിവാരണത്തിന് ആവശ്യമായ മുഴുവൻ വസ്തുക്കളും സൗകര്യങ്ങളും സഹായപ്രവാഹമായി കുത്തിയൊഴുകിയെത്തിയതാണ്. ഒടുവിൽ ഇനിയൊന്നും വേണ്ടായെന്ന് സർക്കാർ തന്നെയാണ് പറഞ്ഞത്. എന്നിട്ടും കോടികൾ ചെലവായെന്നാണ് സർക്കാർ പറയുന്നത്. കോടതിക്ക് നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന റവന്യൂ വകുപ്പിന്‍റെ വിശദീകരണം അപഹാസ്യകരമാണ്. കേന്ദ്രത്തിന് കള്ളക്കണക്കുകൾ സമർപ്പിച്ചുകൊണ്ടാണോ പണം വാങ്ങിയെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ജനങ്ങൾ സൗജന്യമായി നൽകിയതിനെ കുറിച്ച് ഒരു വാക്കുപോലും ആ റിപോർട്ടിൽ പറഞ്ഞിട്ടില്ല. കേന്ദ്ര സേന നിർമിച്ച ബെയ്ലി പാലത്തിന് എന്തടിസ്ഥാനത്തിലാണ് ഒരു കോടി ചെലവായതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. മനുഷ്യന്‍റെ ദുരന്തത്തിൽ നിന്ന് മുതലെടുക്കുന്ന നടപടിയാണിത്. മരിച്ചവരിൽ നിന്ന് എന്ത് കിട്ടുമെന്ന് ആലോചിക്കുന്ന ഒരു സർക്കാർ കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്ത് ഒരു ദുരന്തമുണ്ടാകാൻ കാത്തിരിക്കുകയാണ് ഈ സർക്കാർ. വയനാട്ടിലെ സന്നദ്ധ പ്രവർത്തനത്തിന് ഒരു സംഘടനയും പണം വാങ്ങിയില്ലെന്നാണ് മനസിലാക്കുന്നത്. ഡി.വൈ.എഫ്.ഐ പണം വാങ്ങിയിട്ടുണ്ടോ എന്ന് അവർ വെളിപ്പെടുത്തണം.
സർക്കാറിന്‍റെ ഇത്തരം കള്ളത്തരങ്ങളെ പ്രതിപക്ഷം തുറന്നകാട്ടുമ്പോൾ വിമർശനം മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. ഇപ്പോൾ ഭരണപക്ഷ എം.എൽ.എ തന്നെയാണ് സർക്കാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നിട്ടുള്ളത്. വയനാട് ദുരന്ത ഇരകൾക്ക് വീട് നിർമിച്ച് നൽകുന്ന വിഷയത്തിൽ സർക്കാറിന്‍റെ പിന്തുണയില്ലെങ്കിൽ ഒറ്റക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.