നമുക്കും ഉപേക്ഷിക്കാം പ്ലാസ്റ്റിക് ശീലം
text_fieldsപരിസ്ഥിതി സംരക്ഷണ പോരാട്ടം നാമോരുരുത്തരം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട കാര്യമാണ്. നമ്മുടെ നിത്യജീവിതത്തിൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ മാറ്റം നമ്മിൽ നിന്ന് തന്നെ തുടങ്ങാനാവും. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് മാരക പരിക്കേൽപിക്കുന്ന ഘടകമാണ്. കരയിലും കടലിലിലും ഇതിന്റെ ദുരിതം ഇന്ന് ദൃശ്യമാണ്. ഷോപ്പിങിന് കടകളിലും മറ്റും പോകുമ്പോഴാണ് വീടുകളിൽ ഏറെ പ്ലാസ്റ്റിക് എത്തുന്നത്. കടകളിൽ പോകുമ്പോൾ തുണിയുടേയോ മറ്റോ ഷോപ്പിങ് ബാഗുകൾ കൈയിൽ കരുതിയാൽ പ്ലാസ്റ്റിക്കിന്റെ വീട്ടിലേക്കുള്ള വരവ് കുറയും.
പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ശക്തമായ പ്ലാനുകളാണ് യു.എ.ഇയിലെ വിവിധ എമിറേറുകൾ സ്വീകരിക്കുന്നത്. ഘട്ടംഘട്ടമായി പ്ലാസ്റ്റികിനെ നിത്യ ജീവിതത്തിൽ നിന്ന് പുറത്താക്കാനാണ് ഇവയിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈയിൽ സഞ്ചി ഒന്നിന് 25 ഫിൽസ്
ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾക്ക് സമ്പൂർണ നിരോധം നിലവിൽ വരുത്താനാണ് അധികൃതർ തീരുമാനിച്ചത്. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് സഞ്ചി ഒന്നിന് 25 ഫിൽസ് വീതമാണ് തുക ഈടാക്കുക. ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമായിരിക്കും. വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്ലാസ്റ്റിക് കിറ്റ് നിരോധത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 85 ശതമാനം രാജ്യനിവാസികളും സർവേയിൽ പിന്തുണക്കുന്നുണ്ട്. നൂറുകണക്കിന് ഒട്ടകങ്ങളും ആമകളുമടക്കം നിരവധി ജീവികളാണ് ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾ ഭക്ഷിച്ച് ചത്തൊടുങ്ങുന്നത്.
പരിസ്ഥിതി ആഘാതം കുറക്കാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധത്തിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്.
അബൂദബി 'ഒറ്റത്തവണ പ്ലാസ്റ്റിക്' മുക്തമാകും
ഈ വർഷാവസാനത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് പൂർണമായും മുക്തമാകാനാണ് അബുദാബി പദ്ധതിയിടുന്നത്. എമിറേറ്റിന്‍റെ പുതിയ നയത്തിൽ എല്ലാ പ്ലാസ്റ്റിക് വസ്തുക്കളുടെയും ഉപയോഗം ഘട്ടംഘട്ടമായി പരിമിതപ്പെടുത്തുന്നതിനുള്ള നിയമനിർമ്മാണം ഉൾപ്പെടുന്നുണ്ട്. സമുദ്ര ജീവികൾക്കും വളരെ വലിയ രീതിയിൽ പ്ലാസ്റ്റിക് ഉപദ്രവകരമാകുന്നതായ വിലയിരുത്തലിലാണ് അബൂദാബി നിയമങ്ങൾ രൂപപ്പെടുത്തുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറക്കുക, പുനരുപയോഗം വർധിപ്പിക്കുക എന്നീ തന്ത്രങ്ങൾ രൂപപ്പെടുത്തിയത് ഇതിനുവേണ്ടിയാണ്. മറ്റു എമിറേറ്റുകളിലും പ്ലാസ്റ്റികിനെ പടിക്ക് പുറത്തുനിർത്താൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്‍റെ ഭാഗമായാണ് രാജ്യമൊന്നടങ്കം പ്ലാസ്റ്റിക്ക് വിമുക്തിക്ക് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.