നാം ജാഗ്രതയോടെ നിലയുറപ്പിക്കണം
text_fieldsലോകോത്തര നിലവാരമുള്ള, സാംസ്കാരിക സമ്പന്നതയും വിശ്വാസ്യതയുമൊക്കെ കൈമുതലുള്ള മനുഷ്യരാണ് മലയാളികളെന്ന് അഭിമാനം കൊള്ളുന്നവരാണ് നാം. ജനാധിപത്യത്തിെൻറ പോരാട്ട ഭൂമികയിൽ ബലപരീക്ഷണത്തിന് സർവ സജ്ജീകരണത്തോടെ തയാറെടുക്കുകയാണ് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിന്ന്. നിയമാനുസൃതവും വ്യവസ്ഥാപിതവുമായ വഴിയിലൂടെ സമ്മതിദാന അവകാശികളെ നിർണയിക്കാൻ രാജ്യത്ത് നിലനിൽക്കുന്ന നേർവഴി ഉപയോഗപ്പെടുത്തി പതിനായിരക്കണക്കിന് പേർ പുതുതായി വോട്ടവകാശികളായി മാറിയിട്ടുണ്ട്.
എന്നാൽ, തികച്ചും അധികാര ദുർവിനിയോഗത്തിലൂടെ ഒരു സംസ്ഥാനത്തെ മുച്ചൂടും തകർത്ത് അപകടാവസ്ഥയിലെത്തിച്ച സി.പി.എം സർക്കാർ ഈ മഹത്തായ പോരാട്ടത്തിലും കള്ളത്തരവും , അധികാര ദുർവിനിയോഗവും നടത്തുന്നുവെന്നത് മലയാളിക്ക് സഹിക്കാൻ പറ്റുന്നതിലുമപ്പുറത്താണ്.മനുഷ്യരെ കൊന്ന് തള്ളിയും ക്രൂരമായി ആക്രമണങ്ങൾ ഏൽപിച്ചും തെരഞ്ഞെടുപ്പ് നടന്നയിടങ്ങളിൽ തന്നെ പ്രിസൈഡിങ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയും മർദിച്ച് പുറംതള്ളിയും തങ്ങളുടെ ഭീകരതാണ്ഡവത്തിലൂടെയാണ് കമ്യൂണിസ്റ്റുകൾ അധികാരത്തിൽ ഉണ്ടായിരുന്നയിടങ്ങളിലെ ചരിത്രം. കേവലമൊരു തെരഞ്ഞെടുപ്പ് എന്നതിലുപരി സംസ്ഥാനത്തിെൻറ പൈതൃകം നിലനിൽക്കണോ തകർത്തെറിയണോ എന്ന ചോദ്യമുയർത്തുന്ന പോരാട്ടമായി ഈ തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു.
ഇടതും വലതും എന്നതിനപ്പുറം ചുവപ്പിൽ ചേർന്ന കാവി അപകടം വിതക്കുമെന്ന് മതേതര വിശ്വാസികൾ തിരിച്ചറിയുക.അടിസ്ഥാനപരമായി ജനാധിപത്യ സംവിധാനത്തിൽ വലിയ തൃപ്തിയില്ലാത്ത, സംസ്ഥാനത്തെ പണയപ്പെടുത്തിയെങ്കിലും അധികാരം നിലനിർത്തണമെന്ന അജണ്ട മാത്രമുള്ളവരും, മനുഷ്യമനസ്സുകളിൽ വിഭാഗീയ ചിന്തകൾ നൽകി ലാഭം കൊയ്യാൻ സമയം നോക്കി നിൽക്കുന്നവരുമൊക്കെയാണ് ഈ പോരാട്ടത്തിൽ മതേതര ജനാധിപത്യവിശ്വാസികളുടെ എതിരാളികൾ. ജാഗ്രതയോടെ നിൽക്കണം നാം. അപകടം തിരിച്ചറിയണം നമുക്ക്.
ഉത്തരവാദിത്തങ്ങൾ നിറവേറ്റണം
കേരള ജനതയെ പ്രബുദ്ധരായ വോട്ടർമാരെന്നാണ് വിശേഷിപ്പിക്കാറുളളത്. ജനപക്ഷത്ത് നിൽക്കാൻ കഴിയുന്നവരാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്. അതൊരു ഭംഗിവാക്കാവരുത്. അധികാരമെന്നത് ഏൽപിക്കപ്പെട്ട ഒരു ഉത്തരവാദിത്തമാണ്. തന്നിലെ അർപ്പിതബോധവും സേവന തൽപരതയും കണ്ടറിഞ്ഞാണ് ജനപ്രതിനിധിയായി തന്നെ തെരഞ്ഞെടുത്തത് എന്ന ബോധ്യമാണ് അധികാരത്തിലേറുന്നവർക്കുണ്ടായിരിക്കേണ്ടത്. പ്രവാസികളെ ചേര്ത്തുപിടിക്കുക എന്നത് ഭരിക്കുന്നവരുടെ കടമയാണ്. അതൊരു ഔദാര്യമാണെന്ന് തോന്നിക്കുന്നത് നന്ദികേടാണ്. അത്രയും അടയാളപ്പെടുത്തലുകൾ പ്രവാസികൾ നടത്തികഴിഞ്ഞു. പ്രവാസികളായി നിൽക്കുകയും നാടിെൻറ സ്പന്ദനങ്ങളോടൊപ്പം യാത്ര ചെയ്യുന്നവരുമാണവർ.
പ്രവാസികളുടെ കുടുംബത്തെ നാട്ടിൽ നിർത്തി ബാച്ച്ലേഴ്സായാണ് കഴിഞ്ഞുകൂടുന്നത്. സമാധാനമുളള ഒരു അന്തരീക്ഷം നാട്ടിൽ ഉണ്ടാക്കാനും, സുരക്ഷിതബോധത്തിൽ അവരെ നിർത്താനും ഭരണസംവിധാനങ്ങൾക്ക് കഴിയണം. പ്രവാസികളായി ജീവിക്കണമെന്ന് ആഗ്രഹമുള്ളതു കൊണ്ടല്ല. മറിച്ച്, സാഹചര്യം പ്രവാസികളാക്കിയവരാണവർ. അതുകൊണ്ട്, എല്ലാ അവകാശങ്ങളും നൽകി ചേര്ത്തുപിടിക്കാൻ ഭരണത്തിലേറുന്നവർ മനസ്സ് കാണിക്കണം.
വിലപ്പെട്ടതാണ് വോട്ട്, വിവേകം കൈവെടിയരുത്
നാട് നാളെ എങ്ങനെ ആകണമെന്ന് തീരുമാനിക്കാനുള്ള അവസരമാണിന്ന്. നടന്നുനീങ്ങേണ്ട വികസനവഴി ചൂണ്ടിക്കാട്ടിപ്പെടേണ്ട ദിവസം. കാടിളക്കിയുള്ള പ്രചാരണങ്ങളെയും മോഹന വാഗ്ദാനങ്ങളെയും കണ്ടു ഭ്രമിച്ച് നിൽക്കലല്ല, ഭാവിയിലേക്കുള്ള കരുതിവെപ്പിന് ആരാണ് പ്രാപ്തരെന്ന ചിന്തയാണ് നമുക്ക് വേണ്ടത്.
വെറും വികസനവും മാത്രമാവരുത് പരമമായ ലക്ഷ്യം. ക്ഷേമപദ്ധതികളും സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷവും അതിലേറെ പ്രാധാന്യമർഹിക്കുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കാനുള്ള അവകാശങ്ങളുമെല്ലാം ഹനിക്കപ്പെടുന്ന കാലത്ത്, സാഹോദര്യവും മതേതരത്വവും മാനവികതയും ഉറപ്പുനൽകുന്നവരായിരിക്കണം ഭാവിയിൽ നമ്മെ ഭരിക്കേണ്ടത്.
സാക്ഷരതയും പ്രബുദ്ധതയും ആരോഗ്യമോഡലുമെല്ലാം ഉയർത്തിക്കാട്ടുമ്പോഴും പിറന്ന നാട്ടിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ഇതെല്ലാം കൊണ്ടു എന്താണ് നേട്ടം. നടവഴി കടന്ന ഫാഷിസം അടുക്കളയിലേക്ക് കടന്ന കാലത്ത്, വിശ്വാസികളെയെല്ലാം വർഗീയവാദികളാക്കി മാറ്റുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള നേതൃത്വമാണ് നമുക്ക് വേണ്ടത്.അതുകൊണ്ടു ജനാധിപത്യ സമ്പ്രദായത്തിലെ വിലപ്പെട്ട അവകാശമായ വോട്ട് വിവേകത്തോടെ രേഖപ്പെടുത്താൻ ശ്രദ്ധ പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.