കാലാവസ്ഥാനയം ശുദ്ധോർജത്തിലേക്ക് കേന്ദ്രീകരിക്കും -അബൂദബി പരിസ്ഥിതി ഏജൻസി
text_fieldsഅബൂദബി: കാലാവസ്ഥ വ്യതിയാനം തടയാൻ ശുദ്ധോർജ വിഭവങ്ങൾ കേന്ദ്രീകരിച്ചുള്ള നയങ്ങൾ ആസൂത്രണം ചെയ്യുന്നതായി അബൂദബി പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. സൗരോർജത്തിൽ ഊന്നിയുള്ള പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. കാലാവസ്ഥാവ്യതിയാനം തടയാൻ അടുത്ത നാലു വർഷത്തേക്കുള്ള നയങ്ങൾ ജൂലൈയിൽ അബൂദബി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
2027ഓടെ കാർബൺ ബഹിർഗമനം 30 ദശലക്ഷം ടണ്ണായി കുറക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. 2016ൽ കാർബൺ പുറന്തള്ളൽ 135 ദശലക്ഷം ടണ്ണായിരുന്നു. നാലു വർഷത്തിനുള്ളിൽ ഇത് 22 ശതമാനം കുറക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
എമിറേറ്റിന്റെ സുസ്ഥിര ഭാവിക്കായി കാലാവസ്ഥാവ്യതിയാനം തടയുകയെന്നതാണ് ലക്ഷ്യമെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ സംയോജിത പരിസ്ഥിതി നയ, ആസൂത്രണ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ അൽ മസ്റൂയി പറഞ്ഞു.
കാർബൺ ബഹിർഗമനം 30 ദശലക്ഷമായി കുറക്കുകയെന്ന ലക്ഷ്യത്തിനായി വിവിധ മേഖലകൾ വ്യത്യസ്ത രീതിയിലായിരിക്കും പ്രവർത്തിക്കുക. ശുദ്ധ ഊർജ ഉറവിടങ്ങളിലൂടെയും സൗരോർജത്തിലൂടെയുമുള്ള ഊർജ ഉൽപാദനത്തിലൂടെയായിരിക്കും ഈ ലക്ഷ്യം കൂടുതലായി കൈവരിക്കുകയെന്നും അവർ പറഞ്ഞു.
സൗരോർജം, പ്രകൃതിവാതകം, ആണവോർജം എന്നിവയടക്കമുള്ളതാണ് യു.എ.ഇയുടെ പ്രധാന ഊർജങ്ങൾ. ബറക്ക ആണവോർജ നിലയത്തിലൂടെ യു.എ.ഇയുടെ 48 ശതമാനം കാർബൺമുക്ത വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സൗരോർജ, ആണവോർജ നിലയങ്ങളിലൂടെ ഉൽപാദിപ്പിച്ച ശുദ്ധോർജത്തിലൂടെ മാർച്ചിൽ അബൂദബിയുടെ 80 ശതമാനം ആവശ്യകത പൂർത്തീകരിച്ചതായി എമിറേറ്റ്സ് ജല, വൈദ്യുതിക്കമ്പനി പറഞ്ഞു.
12 സുപ്രധാന പദ്ധതികൾ അടക്കമുള്ള 81 പ്രവർത്തനങ്ങളിലൂടെയാണ് അബൂദബിയിൽ കാലാവസ്ഥാനയം നടപ്പാക്കുക. എണ്ണ, പ്രകൃതിവാതക, ഊർജ, ഗതാഗത, വ്യവസായ, മാലിന്യ, കാർഷിക മേഖലകളെയടക്കം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.