കാലാവസ്ഥ വ്യതിയാനം; ജൈവിക പ്രത്യാഘാത പഠനത്തിന്
text_fieldsറാസല്‍ഖൈമ: അറേബ്യന്‍ കാലാവസ്ഥ വ്യതിയാനത്തില്‍ ജൈവിക പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചനകള്‍ ലക്ഷ്യമാക്കി പുരാതന മനുഷ്യ അവശിഷ്ടങ്ങളില്‍ പഠന വിശകലനത്തിന് റാസല്‍ഖൈമ. യു.എസിലെ ക്വിന്നിപിയക്, അലബാമ സര്‍വകലാശാലകളുമായി സഹകരിച്ച് നടക്കുന്ന പഠനത്തിന് അമേരിക്കയിലെ ഗവേഷക സംഘം കഴിഞ്ഞദിവസം റാസല്‍ഖൈമ സന്ദര്‍ശിച്ചു. കൊടും വരള്‍ച്ച ഘട്ടങ്ങളില്‍ പൂര്‍വികരുടെ അതിജീവന വഴികള്‍ കണ്ടെത്തുന്നത് മനുഷ്യകുലത്തിന് സഹായകമാകുമെന്ന് റാക് ആന്റിക്വിറ്റീസ് ആൻഡ് മ്യൂസിയം വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉബൈദ് അല്‍ തുനൈജി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ച് മണ്മറഞ്ഞവരുടെ ഒന്നിലേറെ പുരാതന ശവകുടീരങ്ങളാണ് റാസല്ഖൈമയിലുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പര്യവേക്ഷണങ്ങളില്‍ ഇവിടെനിന്ന് 4,000ലേറെ വര്‍ഷം പഴക്കമുള്ള അസ്ഥികളും തലയോട്ടികളും കണ്ടെത്തിയിരുന്നു.
യു.എസ് ക്വിന്നിപിയക്ക് യൂനിവേഴ്സിറ്റി പ്രഫ. ജെയിം ഉല്ലിങ്ങറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാര്‍ഥി സംഘത്തിന്റെ സഹകരണത്തോടെയാണ് മനുഷ്യാവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് റാസല്‍ഖൈമയിലെ പുരാവസ്തു ഗവേഷകരുടെ പഠനം.
ഉമ്മുല്‍നാര്‍-വാദി സൂഖ് കാലഘട്ടങ്ങള്‍ക്കിടയിലെ കാലാവസ്ഥ വ്യതിയാനം മനുഷ്യ ജീവഘടനയില്‍ വരുത്തിയ പ്രത്യാഘാതങ്ങളാണ് പഠന വിധേയമാക്കുക. ഉമ്മുല്‍നാര്‍ കാലഘട്ടത്തിലെ (ബി.സി 2600-200) ജനതയുടെ ഭക്ഷണ രീതികള്‍, ആരോഗ്യം, ഇടപെടലുകള്‍, ശവസംസ്കാര രീതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പഠന വിശകലനം 2017ല്‍ റാസല്‍ഖൈമയില്‍ നടന്നിരുന്നു. ക്വിന്നിപിയക്ക്, സൗത്ത് അല്‍ബാബ സര്‍വകലാശാലകളുമായുള്ള പങ്കാളിത്തത്തോടെയുള്ള പുതിയ ഗവേഷണം റാസല്‍ഖൈമ സര്‍ക്കാറിന്റെ തന്ത്രപരമായ കാഴ്ചപ്പാടിലുള്പ്പെടുന്നതാണ്.
പഠനവിശകലനങ്ങള്‍ക്ക് മനുഷ്യ അവശിഷ്ടങ്ങള്‍ അമേരിക്കയിലെത്തിക്കും. അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളിലും ശില്പശാലകളിലും റാസല്‍ഖൈമയിലെ ഗവേഷകരും സംബന്ധിക്കും.
‘ദി ബയോ-ആര്‍ക്കിയോളജി ഓഫ് ബ്രോണ്‍സ് ഏജ് സോഷ്യല്‍ സിസ്റ്റംസ്’ എന്ന പേരില്‍ റാസല്‍ഖൈമ, ക്വിന്നിപിയക്ക്, അലബാമ യൂനിവേഴ്സിറ്റി സംയുക്ത സഹകരണത്തിന്റെ ഭാഗമാണ് യു.എസ് സംഘത്തിന് ആതിഥ്യമരുളിയതെന്നും അഹമ്മദ് ഉബൈദ് അല്‍ തനൈജി പറഞ്ഞു.
ആഗോളതാപനം തുടങ്ങി നിലവില്‍ അഭിമുഖീകരിക്കുന്ന അസ്ഥിര കാലാവസ്ഥ വിനാശശക്തി കുറക്കുന്നതിന് വഴിതെളിയിക്കാന്‍ മനുഷ്യാവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിനാകുമെന്ന് പ്രത്യാശിക്കുന്നതായി റാക് പുരാവസ്തു മ്യൂസിയം വകുപ്പ് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ക്രിസ്റ്റ്യന്‍ വെല്ഡ അഭിപ്രായപ്പെട്ടു. മനുഷ്യവികസനത്തെക്കുറിച്ച് മികച്ച ഉള്‍ക്കാഴ്ചകള്‍ നല്കാന് കഴിയും വിധം പഠനഗവേഷണത്തിനുതകുന്ന പ്രദേശമാണ് റാസല്‍ഖൈമ. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ജീവിച്ചിരുന്നവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും വര്‍ഷങ്ങള്‍ നീണ്ട കടുത്ത വരള്‍ച്ച അവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതും പുതിയ ഗവേഷണത്തില്‍ കണ്ടെത്തുന്നത് ആധുനിക ശാസ്ത്രത്തിന് മുതല്‍ക്കൂട്ടാകും.
ഗവേഷണ ഫലത്തിന് ദൈര്‍ഘ്യമേറിയ പഠന വിശകലനം ആവശ്യമുണ്ടെന്നും ഈ വിഷയകമായി കൂടുതല്‍ പ്രഫസര്‍മാരെയും വിദ്യാര്‍ഥികളെയും റാസല്‍ഖൈമയിലേക്ക് സ്വാഗതം ചെയ്യുന്നതായും ക്രിസ്റ്റ്യന്‍ വെല്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.