കാലാവസ്ഥാ വ്യതിയാനം ലോകരാജ്യങ്ങൾ ഒന്നിക്കണം -ശൈഖ് അബ്ദുല്ല ബിൻ സായിദ്
text_fieldsദുബൈ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. രാഷ്ട്രനേതാക്കൾ പങ്കെടുക്കുന്ന യു.എൻ പൊതുസഭ ന്യൂയോർക്കിൽ ചേരാനിരിക്കെയാണ് പ്രസ്താവന. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കേണ്ടത് മുഴുവൻ രാജ്യങ്ങൾക്കും അനിവാര്യമാണ്. ഞങ്ങളുടെ രാജ്യം ഈവർഷം യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) ആതിഥ്യമരുളാനായി തയാറെടുക്കുകയാണ്. ലോകരാജ്യങ്ങൾ കാലാവസ്ഥാ വിപത്തിനെതിരെ ശരിയായ പരിഹാരം കാണുമെന്ന് ശുഭാപ്തി പ്രകടിപ്പിക്കുകയാണ്. അന്താരാഷ്ട്രസമൂഹത്തിന്റെ സഹകരണത്തോടെയും ഐക്യദാർഢ്യത്തോടെയും ആഗോള കാലാവസ്ഥാ പ്രവർത്തനത്തിൽ പുരോഗതി കൈവരിക്കാനാവുമെന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും ഞങ്ങൾക്കുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്നനിലയിൽ യു.എ.ഇ പങ്കെടുക്കുന്ന യു.എൻ ജനറൽ അസംബ്ലിയിലെ അവസാനത്തെ ഉന്നതതല സമ്മേളനമാണ് നടക്കാനിരിക്കുന്നത്. കാലാവസ്ഥ നടപടികളോടൊപ്പം മേഖലയിലെ സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തൽ, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിഷയങ്ങളും യു.എ.ഇ അംഗങ്ങൾ സഭയിൽ ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. യു.എന്നിലേക്കുള്ള യു.എ.ഇ സംഘത്തെ നയിക്കുന്നത് ശൈഖ് അബ്ദുല്ല ബിൻ സായിദാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.