വെൽകം 2022; നിറങ്ങളിൽ മുങ്ങി പുതുവത്സരാഘോഷം
text_fieldsദുബൈ: പുതുവത്സര രാവ് അവിസ്മരണീയമാക്കി യു.എ.ഇയിലെങ്ങും ആഘോഷം. കരിമരുന്ന് പ്രയോഗങ്ങളും കലാപരിപാടികളും നിറഞ്ഞുനിന്ന ആഘോഷ പരിപാടികൾക്ക് കോവിഡ് ഭീഷണിക്കിടയിലും ആയിരങ്ങളാണ് എത്തിച്ചേർന്നത്.
ഇമാറാത്തിലെ താമസക്കാരും വിനോദസഞ്ചാരികളും ഒഴുകിയെത്തിയപ്പോൾ പ്രധാനപ്പെട്ട എല്ലാനഗരങ്ങളും സഞ്ചാരകേന്ദ്രങ്ങളും രാത്രിവൈകിയും ജനനിബിഡമാണ്. വെള്ളിയാഴ്ച പകലും രാത്രിയും വിവിധയിടങ്ങളിൽ മഴയും കൂടി പെയ്തത് ആഹ്ലാദത്തിന് മാറ്റുകൂട്ടി. കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷപരിപാടികൾ ഒരുക്കാൻ എല്ലായിടത്തും സംഘാടകർ ശ്രമിച്ചിരുന്നു. എക്സ്പോ 2020 ദുബൈ നഗരിയിലും ഗ്ലോബൽ വില്ലേജിലും റെക്കോഡ് ജനക്കൂട്ടമാണ് എത്തിയത്.
ദുബൈയിൽ വിപുലമായ പുതുവത്സരാഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയത്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും എമിറേറ്റിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം അരങ്ങേറി. പ്രധാനമായും ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, എക്സ്പോ 2020 ദുബൈ, ദുബൈ ഫെസ്റ്റിവൽ സിറ്റിമാൾ എന്നീ സ്ഥലങ്ങളിലാണ് ആഘോഷങ്ങൾക്കായി ഏറെ പേരെത്തിയത്.
ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി വെടിക്കെട്ടിന് അനുമതി നൽകിയ 24 ഇടങ്ങളിൽ മാത്രമാണ് കരിമരുന്ന് പ്രയോഗം അരങ്ങേറിയത്. ഡ്രോൺ കൗണ്ട്ഡൗൺ, ബാൾ ഡ്രോപ് വെടിക്കെട്ട് എന്നീ രണ്ട് കരിമരുന്ന് പ്രയോഗങ്ങളാണ് എക്സ്പോയിൽ സംഘടിപ്പിച്ചത്. ദുബൈ േഗ്ലാബൽ വില്ലേജിൽ വിവിധ രാജ്യങ്ങളിലെ പുതുവത്സര സമയങ്ങളിൽ വെടിക്കെട്ടുകൾ നടന്നു. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ പുതുവത്സരം പിറക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തിയത്.
അബൂദബിയില്‍ പുതുവത്സരാഘോഷത്തിെൻറ ഭാഗമായി മൂന്നു പുതിയ ഗിന്നസ് റെക്കോഡുകള്‍ പിറന്നു. 40 മിനിറ്റ് വെടിക്കെട്ട് നടത്തിയാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരി ലോകത്തെ വിസ്മയിപ്പിച്ചത്. അൽ വത്ബയിൽ വമ്പൻ ഡ്രോൺ ഷോയും ഇമാറാത്തി ഗായകൻ ഈദ അൽ മിൻഹാലിയും ഇറാഖി താരം അലി സാബിറും നടത്തുന്ന സംഗീതമേളവും അരങ്ങിലെത്തി. അൽ ഫുർസാൻ ഇൻറർനാഷനൽ സ്പോർട്സ് റിസോർട്ടിൽ കുട്ടികൾക്കായുള്ള വിനോദ പരിപാടികളും നടന്നു.
പുതുവർഷരാവ് വർണശബളമാക്കാൻ ഗംഭീര ആഘോഷപരിപാടികളാണ് ഷാർജയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയത്. ഷാർജ നിക്ഷേപവികസന വകുപ്പിെൻറ (ഷുറൂഖ്) കീഴിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അൽ മജാസ് വാട്ടർഫ്രണ്ടിൽ 10 മിനിറ്റ് നീണ്ട വെടിക്കെട്ടാണ് നടന്നത്.
ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷവും ഏറെ ആകർഷകമായിരുന്നു. ഖോർഫക്കാൻ ബീച്ചിലും 10 മിനിറ്റ് നീളുന്ന വെട്ടിക്കെട്ട് നടന്നു.
അജ്മാനിലെ വിനോദ കേന്ദ്രമായ അല്‍ സോറയുടെ ആകാശത്ത് മിനിറ്റുകള്‍ നീണ്ട കരിമരുന്ന് പ്രയോഗം നടന്നു. ഇരട്ട ഗിന്നസ് നേട്ടം കരസ്ഥമാക്കിയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. റാക് അല്‍ മര്‍ജാന്‍ ഐലൻറ് കേന്ദ്രീകരിച്ചാണ് പുതുവര്‍ഷ ആഘോഷ പരിപാടികൾ നടന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വിനോദ പരിപാടികള്‍, മത്സരം, സംഗീത വിരുന്ന്, പരമ്പരാഗത കലാ പ്രകടനങ്ങള്‍, രുചിഭേദങ്ങളോടെ ഫുഡ് ട്രക്കുകള്‍ തുടങ്ങിയവയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.