മീഡിയവൺ വിധി സ്വാഗതം ചെയ്ത് പ്രവാസ ലോകം
text_fieldsദുബൈ: മീഡിയവണ്ണിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയപ്പോൾ ഏറ്റവുമധികം പ്രതിഷേധമുയർന്ന പ്രവാസലോകം സുപ്രീംകോടതി വിധി ഇരുകൈയും നീട്ടി സ്വീകരിച്ചു. വിവിധ പ്രവാസി, രാഷ്ട്രീയ സംഘടനകളും പ്രമുഖ വ്യക്തികളും വിധിയെ സ്വാഗതം ചെയ്തു. ഇത് നീതിയുടെ വിജയമാണെന്നായിരുന്നു ഒറ്റക്കെട്ടായുള്ള അഭിപ്രായം. പ്രവാസികളുടെ സമൂഹമാധ്യമ പേജുകളും മീഡിയവൺ ലോഗോയാൽ നിറഞ്ഞു.
ഓർമ
മീഡിയവണ്ണിനെതിരായ കേന്ദ്രസർക്കാർ വിലക്ക് സുപ്രീംകോടതി നീക്കിയതിനെ ഓർമ സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. ഇഷ്ടമില്ലാത്ത വാർത്തകൾ നൽകുന്നവരെ ഭീഷണിപ്പെടുത്തുകയും അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കേന്ദ്രസർക്കാർ നയമായി സ്വീകരിച്ചിരിക്കുന്നു. മാധ്യമ ഓഫിസുകളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിരന്തരമായി റെയ്ഡ് നടത്തുകയും കള്ളകേസെടുക്കുകയും ചെയ്യുന്നു. മീഡിയവണ്ണിനെതിരെയും ബി.ബി.സി ഡോക്യുമെന്ററിക്കെതിരെയും നടന്നത് അത്തരത്തിലുള്ള കാര്യമാണ്. മീഡിയവണ്ണിന് വാർത്തകളെ സ്വതന്ത്രമായും സത്യസന്ധമായും ജനാധിപത്യ ബോധത്തോടെയും സമീപിക്കാൻ കഴിയട്ടെ എന്ന് ഓർമ സെൻട്രൽ കമ്മിറ്റി ആശംസിച്ചു.
ഐ.എം.സി.സി
സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി. ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വിജയമാണിത്. വിമർശനങ്ങളെ ഭയന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് മീഡിയവൺ വിലക്ക് നീക്കികൊണ്ടുള്ള സുപ്രീംകോടതി വിധിയെന്ന് ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് തച്ചറോത്ത്, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് റഹ്മാൻ നീർവേലി എന്നിവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി
ഫാഷിസ്റ്റ് ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ അടിച്ചമർത്തി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കാലഘട്ടത്തിൽ, ജുഡീഷ്യറി തന്നെ സംശയത്തിന്റെ നിഴലിലുള്ള അവസരത്തിൽ മീഡിയവണ്ണിന് ലഭിച്ച നീതി ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും വിജയമായി കാണുന്നുവെന്ന് ഓവർസീസ് ഇൻകാസ് (ഒ.ഐ.സി.സി) ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി. ഇത് കേവലം മീഡിയവണ്ണിന്റെ വിജയമല്ല, നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത, മുദ്രവെച്ച കവറിൽ എതിർകക്ഷിക്കുപോലും കാര്യങ്ങൾ അറിയാത്തവിധം നിഗൂഢതകൾ നിറഞ്ഞ ഭരണഘടനയുടെ അന്തഃസത്ത ഇല്ലാതെ പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിനുള്ള പ്രഹരമാണ്. ഭരണഘടന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ന്യായാധിപർ ഇപ്പോഴും ഉണ്ടെന്നത് ആശ്വാസമാണെങ്കിലും പദവികളും അംഗീകാരങ്ങളും നൽകി അവരെ വിലക്കെടുക്കുന്ന ശക്തികളെ ജനങ്ങളിൽ എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന രാഹുൽഗാന്ധിക്ക് ഇന്ത്യയിൽ പ്രസക്തി കൂടുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ഇന്ത്യ
മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് എന്നിവർ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താല്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്. ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി. നയങ്ങളിലും നിലപാടുകളിലും വെള്ളം ചേർക്കാതെ ധീരമായി നിയമപോരാട്ടം നടത്തിയ മീഡിയവൺ മാനേജ്മെന്റിനും മാധ്യമപ്രവർത്തകർക്കും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം നീതിബോധമുള്ള മുഴുവൻ പേരും നിലയുറപ്പിച്ചു. മീഡിയവണ്ണിന് കൂടുതൽ തിളക്കത്തോടെ മുന്നേറാനും നീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി കൂടുതൽ കരുത്തോടെ നിലയുറപ്പിക്കാനും സാധിക്കട്ടെയെന്ന് പ്രവാസി ഇന്ത്യ ആശംസിച്ചു.
കെ.എം.സി.സി
മീഡിയവൺ നേരിട്ട വിലക്ക് നീങ്ങിയത് ജുഡീഷ്യറിയെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതീക്ഷ പകരുന്ന സന്തോഷകരമായ വിധിയാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. സ്വതന്ത്രമായ നീതിന്യായവും വാർത്താവിതരണവും ജനാധിപത്യത്തിന്റെ നെടും തൂണുകളാണ്. ആ തൂണുകളുടെ ബലം കുറയുന്നു എന്നത് രാജ്യം നേരിടുന്ന വെല്ലുവിളിയാണ്. നീതി വെല്ലുവിളിക്കപ്പെടുന്ന കാലത്ത് തെളിയുന്ന ആശ്വാസത്തിന്റേതായ ഏതു വാർത്തയും സാധാരണ ജനങ്ങളുടെ രാജ്യത്തിന്റെ കെട്ടുറപ്പിലുള്ള വിശ്വാസത്തെ ദൃഢപ്പെടുത്തും -അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി
മീഡിയവൺ വിലക്ക് നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി പ്രസ്താവിച്ചു. മാധ്യമങ്ങളെ പല രൂപത്തിൽ നിശ്ശബ്ദമാക്കുകയും വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന കാലത്ത് വിധി ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.
ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങൾ കൂടുതൽ കരുത്തോടെ നിലനിൽക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. ഫാഷിസ്റ്റ് നടപടികളെ അതിജീവിച്ച് മാധ്യമങ്ങൾക്ക് ദൗത്യം പൂർത്തിയാക്കാൻ കഴിയട്ടെയെന്നും സുപ്രധാന വിധിയിൽ ഓരോ കെ.എം.സി.സി പ്രവർത്തകനും ആഹ്ലാദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളി റൈറ്റേഴ്സ് ഫോറം
മീഡിയവണിന് അനുകൂലമായ സുപ്രീം കോടതി വിധി ജനാധിപത്യമൂല്യങ്ങളും മതേതരത്വവും നിലനിൽക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതാണെന്ന് മലയാളി റൈറ്റേഴ്സ് ഫോറം പ്രസ്താവനയിൽ പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും സാധാരണക്കാരന്റെ ശബ്ദമാകാനും മീഡിയവണിനും മാധ്യമത്തിനും കൂടുതൽ കരുത്തുണ്ടാകട്ടെയെന്നും പ്രസ്താവനയിൽ പുന്നയൂർക്കുളം സൈനുദ്ദീൻ ആശംസിച്ചു.
പുന്നക്കൻ മുഹമ്മദലി
ദുബൈ: മീഡിയവൺ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നും രാജ്യത്തിനും ഇന്ത്യൻ ജനതക്കും മാധ്യമ ലോകത്തിനും അഭിമാനിക്കാവുന്ന ചരിത്രവിധിയാണെന്നും സാമൂഹികപ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരായ ഇന്ത്യൻ പൗരന്മാർക്ക് നീതിപീഠത്തോടുള്ള ബഹുമാനവും ആദരവും വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.