പോയത് അർജന്‍റീനയെ കാണാൻ; കിട്ടിയത് ക്രൊയേഷ്യയെ
text_fieldsഫുട്ബാൾ ലോകകപ്പ്, ഓരോ മലയാളിയും ആവേശത്തോടെ കാത്തിരിക്കുന്ന കാൽപന്തിന്‍റെ മഹോത്സവം. ഫുട്ബാളിനെ നെഞ്ചോടുചേർക്കുന്ന മലപ്പുറത്ത് ജനിച്ചുവളർന്നതുകൊണ്ടായിരിക്കാം എന്‍റെ രക്തത്തിലും ഫുട്ബാൾ അലിഞ്ഞുചേർന്നത്. 1990 ലോകകപ്പിൽ ജർമനിയോട് ഫൈനലിൽ തോറ്റ് ഗ്രൗണ്ടിൽ കരഞ്ഞുനിന്ന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ സങ്കടം കണ്ണുനീരായി എന്‍റെ ഉപ്പുപ്പായുടെ കണ്ണിൽ കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു. അന്നു മുതലായിരിക്കാം ഞാനും അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ കടുത്ത ആരാധകനായത്. പിന്നീട് നടന്നതെല്ലാം അർജന്‍റീനൻ ഫാൻസിന് നിരാശയുടെ ലോകകപ്പുകളായിരുന്നെങ്കിലും മത്സരങ്ങൾ ഒന്നുപോലും വിടാതെ കണ്ടു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അർജന്‍റീനയുടെ മത്സരം നേരിൽ കാണുക എന്നത്. ആ ആഗ്രഹം 2018ലെ റഷ്യൻ വേൾഡ് കപ്പിൽ തീർക്കാനായിരുന്നു തീരുമാനം. അർജന്‍റീന ഗ്രൂപ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തുമെന്ന അമിത ആത്മവിശ്വാസം മൂലം ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ടിക്കറ്റെടുത്തിരുന്നില്ല. അർജന്‍റീന പ്രീ ക്വാർട്ടറിലെത്തിയെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരായത് ക്രൊയേഷ്യയായിരുന്നു. ഇതോടെ, ഫിക്ചർ മാറിമറിഞ്ഞു. വൻ തുക മുടക്കി ടിക്കറ്റെടുത്ത ഒരു മത്സരത്തിലും അർജന്‍റീന ഇല്ല. ഇതോടെ, ക്വാർട്ടർ ടിക്കറ്റ് മാത്രം കൈയിൽ വെച്ച് ബാക്കി രണ്ടു ടിക്കറ്റ് സുഹൃത്തുക്കൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ജീവിതത്തിൽ ഒരു വേൾഡ് കപ്പ് മത്സരമെങ്കിലും കാണാമെന്ന സന്തോഷത്തിലാണ് ദുബൈയിൽനിന്ന് മോസ്കോയിലിറങ്ങിയത്.
അന്നുതന്നെ മോസ്കോയിൽനിന്ന് സോച്ചിയിലേക്കു മറ്റൊരു വിമാനം കയറി. അവിടെയെത്തിയപ്പോൾ കണ്ടത് ഒരു നാട് മുഴുവൻ കളി കാണാൻ വരുന്ന അതിഥികളെ സഹായിക്കാൻ മത്സരിക്കുന്ന കാഴ്ച. ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിൽ എത്തുന്ന അന്നാട്ടുകാരുടെ സ്വന്തം റഷ്യൻ ടീം. സ്റ്റേഡിയത്തിൽ കയറാൻ വരിനിൽക്കുമ്പോൾ ടിക്കറ്റ് സംഘടിപ്പിക്കാൻ ഓടുന്ന റഷ്യക്കാർ എന്‍റെ അടുത്തും എത്തി. മൂന്നിരട്ടി വില തരാം, എന്ന് പറഞ്ഞ് അപേക്ഷിച്ച ആ ചെറുപ്പക്കാരെ നിരാശരാക്കി പറഞ്ഞയക്കേണ്ടിവന്നു. അന്ന് സ്റ്റേഡിയത്തിൽ കയറിയില്ലായിരുന്നെങ്കിൽ കനത്ത നഷ്ടമുണ്ടാകുമായിരുന്നു. കാരണം, ആ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമാണ് അന്നവിടെ അരങ്ങേറിയത്.
കഫുവിനെ കണ്ടനിമിഷം
പിറ്റേന്ന് കാലത്ത് സോച്ചിയോടു വിടപറഞ്ഞ് ട്രെയിനിൽ മോസ്കോവിലേക്ക് തിരിച്ചു..
റെഡ് സ്ക്വയറിനു സമീപത്തെ ഷോപ്പിങ് മാളിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ താഴത്തെ നിലയിൽ വലിയ ബഹളം കേട്ട് എത്തിനോക്കിയപ്പോൾ കണ്ടത് ആൾക്കൂട്ടത്തിൽ സെക്യൂരിറ്റിക്കാർ തീർത്ത ചെറിയ വലയത്തിനുള്ളിലൂടെ കൈവീശി നടന്നുനീങ്ങുന്ന ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം കഫു. ബ്രസീലിനുവേണ്ടി അവസാനമായി കപ്പ് വാങ്ങിക്കൊടുത്ത നായകൻ. ഓടി ആ ജനക്കൂട്ടത്തിൽ തള്ളിക്കയറി. അദ്ദേഹത്തിന്‍റെ പേര് ഉറക്കെ വിളിച്ച് കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അപേക്ഷിച്ചു. എന്‍റെ അപേക്ഷ കേട്ടതുകൊണ്ടാവാം, അദ്ദേഹം തിരിഞ്ഞുനോക്കി. എന്നെ പതുക്കെ സെക്യൂരിറ്റിക്കാർ തീർത്ത വലയത്തിനുള്ളിൽ കയറ്റി. നിറഞ്ഞ ചിരിയോടെ ഒരു ഫോട്ടോ. ആ ആൾക്കൂട്ടത്തിൽ ആർക്കും കിട്ടാത്ത മഹാഭാഗ്യമായിരുന്നു അത്. ജീവിതത്തിൽ എന്നും നെഞ്ചോടുചേർക്കുന്ന നിമിഷം.
ആരവങ്ങളുടെറെഡ് സ്ക്വയർ
വീണ്ടും മത്സരദിവസം. ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി ഫൈനൽ. അതിരാവിലെതന്നെ റെഡ് സ്ക്വയർ 2 ആരാധകരാൽ നിറഞ്ഞിരിക്കുന്നു. ആഘോഷത്തിന്‍റെ ക്ലൈമാക്സ് എന്നപോലെ കളിതുടങ്ങാറായപ്പോൾ കൂട്ടത്തോടെ ഒരു നൂറ്റാണ്ടു പഴക്കമുള്ള ലോകത്തിലെ പഴയതും പ്രൗഢവും വലിയതുമായ മോസ്കോ മെട്രോ കയറി സ്റ്റേഡിയത്തിലേക്ക്. ഞാൻ വിറ്റ ടിക്കറ്റുമായി കൂട്ടുകാരൻ സ്റ്റേഡിയത്തിലേക്കു പോയപ്പോൾ ഞാൻ തൊട്ടടുത്ത ഫിഫ ഫാൻസോണിൽ പതിനായിരക്കണക്കിന് ആളുകളുടെ കൂടെ അവരിലൊരാളായി കളി കണ്ടു.
ജോലിയുടെ ഭാഗമായും അല്ലാതെയും ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവിടെനിന്നൊന്നും കിട്ടാത്ത വല്ലാത്ത അനുഭവമാണ് റഷ്യ അന്ന് ഞങ്ങൾക്ക് തന്നത്. ഒരു പക്ഷേ ഇനി മോസ്കോയിൽ പോയാൽ ഇതായിരിക്കണമെന്നില്ല അനുഭവം. അന്ന് ഒരു നാടുമുഴുവൻ വിസ്മയങ്ങൾ ഒരുക്കി ഫുട്ബാൾ ആരാധകരെ സ്നേഹിച്ചു സ്വീകരിച്ചതായിരിക്കാം കാരണം.
വീണ്ടും ഒരു വേൾഡ് കപ്പ് കാലം. ഇത്തവണയും അർജന്‍റീന ക്വാർട്ടറിൽ എത്തും എന്ന് ഉറച്ച വിശ്വാസത്തിൽ അതിന്‍റെ ടിക്കറ്റെടുത്തിട്ടുണ്ട്. ഫുട്ബാൾ മിശിഹാ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് കാണാൻ, അദ്ദേഹം ആ കപ്പ് ഉയർത്തുന്നത് കാണാൻ ഞാനും എത്തും.
ഷാനവാസ് ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.